| Wednesday, 25th October 2023, 7:40 am

ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; തിരിച്ചറിയാനായി കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതി ഗസയിലെ രക്ഷിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഏത് നിമിഷവും അപകടം സംഭവിക്കാമെന്നും മരണപ്പെടാമെന്നുമുള്ള ഭയത്താല്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് പേരെഴുതി ഗസയിലെ രക്ഷിതാക്കള്‍. ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്താല്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാനായാണ് ഇത്തരത്തില്‍ ദേഹത്ത് കറുത്ത മഷികൊണ്ട് പേരെഴുതുന്നതെന്ന് ഗസയിലെ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ ഡോക്ടര്‍ അബ്ദുറഹിമാന്‍ അല്‍ അസ്‌രിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ കൈകാലുകളിലും വയറിലുമാണ് ഇത്തരത്തില്‍ കറുത്ത മഷി കൊണ്ട് പേരെഴുതിവെക്കുന്നത്. ഇസ്രാഈല്‍ ആക്രമണം ശക്തമാക്കിയതോടെ മരണം തൊട്ടരികിലുണ്ടെന്ന തിരിച്ചറിവിലാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദേഹത്തെന്ന പോലെ സ്വന്തം ശരീരത്തിലും പേരെഴുതി വെക്കുന്ന രക്ഷിതാക്കളുമുണ്ട്. നൂറു കണക്കിന് കുട്ടികളാണ് ഗസയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ശരീരത്തിലൊക്കെയും ഇതുപോലെ പേരെഴുതി വെച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ആശുപത്രികളടക്കമുള്ള സ്ഥലങ്ങളില്‍ ഏത് നിമിഷവും ബോംബുകള്‍ പതിക്കാനുള്ള സാഹചര്യവുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ ഇത്തരത്തില്‍ പേരെഴുതി വെക്കുന്നത് സഹായകരമാകും.

അതേ സമയം ഗസ ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയതോടെ ഗസ മുനമ്പിലെ ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഗസയിലെ ആശുപത്രികളില്‍ മഹാഭൂരിഭാഗത്തിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ആകെയുള്ള 72ല്‍ 46 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 35ല്‍ 7 വലിയ ആശുപത്രികളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണുള്ളത്. ഇതുകൂടാകെ വടക്കന്‍ ഗസയിലെ  ആശുപത്രികള്‍ ഒഴിയണമെന്ന് ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കുയും ചെയ്തിട്ടുള്ളതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇന്ധനവും വെള്ളവും ഇസ്രഈല്‍ തടയുന്നതിനെയും ഹ്യമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. മരുന്നുകളും അവശ്യവസ്തുക്കളും മാത്രമാണ് റഫ അതിര്‍ത്തി വഴി ഗസയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ധന പ്രതിന്ധി ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ഗസയില്‍ ഇസ്രഈലിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കടന്നു. ഗസയില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 5791 പേരാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 2360 പേരും കുഞ്ഞുങ്ങളാണ്.

content highlights; Parents in Gaza write names on their babies’ bodies

We use cookies to give you the best possible experience. Learn more