Advertisement
Kerala News
കുട്ടിയുടെ പേരിടലിനെച്ചൊല്ലി 4 വർഷമായി മാതാപിതാക്കളുടെ തർക്കം; പേരിട്ട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 01, 04:52 am
Sunday, 1st October 2023, 10:22 am

കൊച്ചി: നാല് വർഷമായിട്ടും കുട്ടിയുടെ പേരിടുന്നതിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തർക്കം അവസാനിക്കാത്തതിനെ തുടർന്ന് കുട്ടിക്ക് പേരിടാനുള്ള മാർഗം നിർദേശിച്ച് ഹൈക്കോടതി. പേരിടുന്നത് അനന്തമായി നീളുന്നത് കുട്ടിയുടെ താത്പര്യത്തിനും ക്ഷേമത്തിനും വിലങ്ങുതടിയാകുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.

പേര് തിരിച്ചറിയൽ സംവിധാനമാണെന്നും വ്യക്തിക്കൊപ്പം പേര് എപ്പോഴും ഉണ്ടാകണമെന്നും കുട്ടിയുടെ നന്മക്ക് വേണ്ടിയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് കോടതി പേര് നിർദേശിക്കുന്നത് എന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് വ്യക്തമാക്കി.

2020 ഫെബ്രുവരി 12ന് ജനിച്ച കുട്ടിക്ക് പേരിടുന്നതിനെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ പേര് രേഖപ്പെടുത്തിയിരുന്നില്ല. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ ആലുവ നഗരസഭയെ സമീപിച്ച മാതാവിനെ പിതാവിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ മടക്കിയയച്ചു.

മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെങ്കിലും അത് തിരുത്താൻ അടുത്തയാൾക്ക് നിയമ നടപടികൾ സ്വീകരിക്കാം.

മറ്റൊരു പേരിടണമെന്ന പിതാവിന്റെ നിലപാടാണ് കുടുംബകോടതിയെ സമീപിക്കാൻ കുട്ടിയുടെ മാതാവിനെ പ്രേരിപ്പിച്ചത്. താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭർത്താവിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. മാതാപിതാക്കളോട് ജനനസർട്ടിഫിക്കറ്റിനായി നഗരസഭാ സെക്രട്ടറിയെ സാമീപ്പിക്കാൻ ഉത്തരവിട്ടെങ്കിലും ഇരുവരും തയ്യാറാകാത്തതിനെ തുടർന്ന് ഹരജി ഹൈക്കോടതിയിലെത്തി.

കുട്ടി മാതാവിനോപ്പം കഴിയുന്നതിനാൽ മാതാവ് നിർദേശിക്കുന്ന പേരിടാനും ആ പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് മാതാപിതാക്കൾ നിർദേശം അംഗീകരിക്കുകയായിരുന്നു.

മാതാവിന് പേരുമായി നഗരസഭാ രജിസ്ട്രാറെ സമീപിക്കാമെന്നും പിതാവിന്റെ അനുമതിക്ക് നിർബന്ധിക്കാതെ പേര് റെജിസ്റ്റർ ചെയ്ത് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ContentHighlight: Parents in argument about the name of child for 4 years; High court named child