തിരുവനന്തപുരം: നൃത്തപരിപാടിക്കൊരുങ്ങിയ വിദ്യാര്‍ത്ഥികളെ ഉത്സവപിരിവ് നല്‍കിയില്ലെന്നാരോപിച്ച് പരിപാടിയില്‍ നിന്നും മടക്കി അയച്ച് ക്ഷേത്ര ഭാരവാഹികള്‍. അരങ്ങേറ്റത്തിനെത്തിയ 20 കുട്ടികളില്‍ രണ്ട് പേരുടെ വീട്ടുകാര്‍ 5000 രൂപ ഉത്സവ പിരിവ് നല്‍കിയില്ലെന്നാരോപിച്ച് ക്ഷേത്ര ഭാരവാഹികള്‍ പരിപാടി വിലക്കുകയായിരുന്നു.
രണ്ട് കുട്ടികളെ പരിപാടിയില്‍ നിന്നും മാറ്റിയാല്‍ മാത്രമേ പരിപാടി നടത്താന്‍ സമ്മതിക്കൂവെന്നും വേദിയില്‍ നിന്നിറങ്ങി പോവാന്‍ നൃത്താധ്യാപികയോട് കമ്മറ്റിക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചെങ്കല്‍ കാരിയോട് ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്രഭാരവാഹികള്‍ വളരെ മോശമായാണ് അധ്യാപികയോട് പെരുമാറിയതെന്നും കമ്മറ്റിക്കാര്‍ മദ്യപിച്ചിരുന്നുവെന്നും സ്ത്രീയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ക്ഷേത്രഭാരവാഹികള്‍ പിരിവായി 5000 രപ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ തങ്ങള്‍ അരങ്ങേറ്റത്തിനായി ഒരു ലക്ഷത്തോളം നിലവില്‍ ചെലവാക്കിയതിനാലും വീട് പണി നടക്കുന്നതിനാലും ഇനി 5000 രൂപ കൂടി തരാനില്ലെന്ന് പറഞ്ഞുവെന്ന് കുട്ടികളുടെ രക്ഷിതാവ് പറഞ്ഞു. മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് മനപൂര്‍വം ഇത്തരമൊരു വിഷയം എടുത്തിടുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.
Content Highlight: Parents accused of not paying festival fees; Children’s dance performance cancelled as temple officials did not pay money