ചെന്നൈ: തമിഴ്‌നാട്ടില്‍ വിചിത്ര പ്രകടന പത്രികയുമായി എന്‍.ഡി.എ ഘടകകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ). വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പ്രകടന പത്രികയില്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയത്.
പ്രണയം നടിച്ച് പലരും പെണ്‍കുട്ടികളുടെ സമീപിക്കാറുണ്ട്. ഇത്തരം വാഗ്ദാനങ്ങളില്‍ വഞ്ചിതരാവാതിരിക്കാനാണ് നിയമം നിര്‍ബന്ധമാക്കുന്നതെന്നാണ് പി.എം.കെ മുന്നോട്ട് വെക്കുന്ന വാദം. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ നിയമം ഇവിടെയും നടപ്പാക്കുമെന്നാണ് പി.എം.കെ പറഞ്ഞത്.
ഭരണഘടനാപരമായി സാധ്യമാണെങ്കിൽ പ്രണയവിവാഹങ്ങളിൽ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുമെന്ന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞിരുന്നു. പ്രണയ വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന പാട്ടിദാർ സമുദായത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യമനുസരിച്ചാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ 2023ലെ പ്രസ്താവന.
സമാന രീതിയിൽ ഉത്തർപ്രദേശിൽ നിന്ന് ഉൾപ്പടെ ആവശ്യം ഉയർന്നിരുന്നു. പെൺകുട്ടികൾ ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭയിൽ സർക്കാർ ഇത് അവതരിപ്പിച്ചാൽ അതിനെ പിന്തുണക്കുമെന്ന് കോൺഗ്രസിന്റെ ഒരു എം.എൽ.എയും അന്ന് പ്രതികരിച്ചിരുന്നു.
Content Highlight: Parental consent will be mandatory for marriage; NDA member PMK manifesto