football news
അവനെ കുറിച്ച് പറയാന്‍ പോലും ഞാന്‍ താല്‍പര്യപ്പെടുന്നില്ല; അവനുമായി നല്ല ബന്ധം പോലും എനിക്കില്ല, എന്നാല്‍ മെസി അങ്ങനെയല്ല; തുറന്ന് പറഞ്ഞ് പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 27, 10:50 am
Tuesday, 27th September 2022, 4:20 pm

 

പി.എസ്.ജിയുടെ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡറായ ലിയോന്‍ഡര്‍ പരേഡസ് ടീമിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപെ എന്നിവരുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞു. നിലവില്‍ യുവന്റസില്‍ ലോണില്‍ കളിക്കുന്ന താരമാണ് പരേഡസ്.

ക്രിസ്റ്റഫെ ഗാല്‍ട്ടിയറിന്റെ പ്ലാനില്‍ പരേഡസിന് വലിയ റോള്‍ ഇല്ലാത്തത് കാരണമാണ് അദ്ദേഹത്തെ പി.എസ്.ജി ലോണിന് നല്‍കിയത്. പി.എസ്.ജിക്കായി മൂന്ന് സീസണോളം കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എംബാപെക്കൊപ്പം ഒമ്പത് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

എംബാപെയുമായുള്ള ഡ്രസിങ് റൂമിലെ ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് എ.എസിന് നല്‍കിയ അഭിമുഖത്തില്‍ പരേഡസ്. എംബാപെയുമായി വലിയ ബന്ധമില്ലെന്നും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും പരേഡസ് പറഞ്ഞു.

‘അവനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല; എനിക്ക് ബന്ധമുള്ളവരുമായി എനിക്ക് ബന്ധമുണ്ടായിരുന്നു, അല്ലാത്തവരെ കുറിച്ച് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല,’ പരേഡസ് പറഞ്ഞു.

ടീമില്‍ നിന്നും മാറുന്നതിന് ഏറ്റവും വലിയ പ്രശ്‌നമുണ്ടായ കാര്യം മെസിയുമായി കളിക്കാന്‍ സാധിക്കാത്തത് ഓര്‍ത്തായിരുന്നുവെന്നും എന്നാല്‍ എല്ലാം കൂടെ കണക്കില്‍ എടുത്തപ്പോള്‍ ടീം വിടുകയായിരുന്നു എന്നും പരേഡസ് പറഞ്ഞു.

‘ലിയോയുടെ കളിക്കുക, എന്നെത്തന്നെ മികച്ച രീതിയില്‍ മെച്ചപ്പെടുത്തുന്നത് തുടരുക, ഇത് രണ്ടുമായിരുന്നു എന്നെ തൃഷങ്കുവിലാക്കിയ കാര്യം. പക്ഷേ എല്ലാ കാര്യങ്ങളും കൂടെ ഒത്തു നോക്കിയപ്പോള്‍ പുറത്തുപോയി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെസിയോടൊപ്പം അര്‍ജന്റീനയുടെ ഭാഗമായ പരേഡസ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിന് ഏറെ പ്രധാന്യം നല്‍കുന്ന അര്‍ജന്റൈന്‍ സംഘത്തിന്റെ സുപ്രധാന താരമാണ് പരേഡസ്.

Content Highlight: Paredes Talks about Messi And MBappe