കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജില്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിച്ചെത്തുന്നത് നിരോധിച്ചു. അടുത്ത മാസം ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.
രണ്ടു ദിവസം മുമ്പ് കോളജില്‍ ക്ലാസുകള്‍ തോറും ഇക്കാര്യം നോട്ടീസ് മുഖാന്തിരം അറിയിച്ചു. ജൂലൈ ഒന്നുമുതല്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് അറിയിപ്പ്. ഇത് ധരിച്ചെത്തുന്നവരെ ക്ലാസില്‍ കയറ്റില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ക്ലാസുകളില്‍ നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ ഇവര്‍ തീരുമാനത്തോടുള്ള വിജോയിപ്പ് അധ്യാപകരെ അറിയിച്ചതാണ്. എന്നാല്‍ മാനേജ്‌മെന്റ് തീരുമാനമാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും അധ്യാപകര്‍ അറിയിക്കുകയായിരുന്നു.
ഇതോടെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ജൂലൈ ഒന്നാം തിയ്യതി നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്താനാണ് ഇവരുടെ തീരുമാനം. കൂടാതെ ന്യൂനപക്ഷ കമ്മീഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാനും വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ എം.ഇ.എസില്‍ ഡിഗ്രി ഒന്നാം വര്‍ഷം ചേരുന്നവര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പര്‍ദ്ദയ്ക്കും മറ്റും നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് എം.ഇ.എസ് മാനേജ്‌മെന്റിന്റെ വിശദീകരണം.
മുസ്‌ലീങ്ങള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കുന്നതിനെതിരെ എം.ഇ.എസ് ചെയര്‍മാനായ ഫസല്‍ ഗഫൂര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. പര്‍ദ്ദ കേരള വസ്ത്രമല്ലെന്നും അറേബ്യന്‍ നാടുകളില്‍ മാത്രമാണ് സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പര്‍ദ്ദ ഇസ്‌ലാമിന് യോജിച്ച വേഷമല്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.