പർഭാനി: മഹാരാഷ്ട്രയിലെ പർഭാനി ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട നിലയിൽ. സോമനാഥ് വ്യങ്കത് സൂര്യവൻഷി എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.
പൂനെയിലെ ചക്കനിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സൂര്യവംശി, പർഭാനിയിലെ ശാസ്ത്രി നഗറിലെ തൻ്റെ കുടുംബത്തെ സന്ദർശിക്കാൻ വരുമ്പോൾ, നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മറ്റ് 50 ദളിത് ബഹുജൻ യുവാക്കൾക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാടോടി ഗോത്ര വിഭാഗമായ (എൻ.ടി) വാഡർ സമുദായത്തിൽപ്പെട്ട സൂര്യവംശിയെ ഡിസംബർ 14 ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്നാൽ മണിക്കൂറുകൾക്കകം പർഭാനി ജില്ലാ ജയിലിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സൂര്യവംശിയെ ആശുപത്രിയിൽ കൊണ്ടുപോയെന്നും എന്നാൽ ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടുവെന്നുമാണ് നന്ദേഡ് റേഞ്ചിലെ സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ (ഐ.ജി), ഷഹാജി ഉമാപ് പറയുന്നത്.
‘അദ്ദേഹം പെട്ടെന്ന് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ അവനെ പർഭാനി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു, ‘ ഉമാപ് പറഞ്ഞു.
ഡിസംബർ 10ന് പർഭാനി നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പകർപ്പ് ഒരാൾ നശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് നശീകരണ പ്രവർത്തനങ്ങൾ നടന്നത്. അക്രമിയായ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവം പർഭാനി ജില്ലയിൽ ബന്ദിന് കാരണമായി. ഡിസംബർ 11 ന്, ജില്ലയിൽ സമ്പൂർണ അടച്ചുപൂട്ടലിന് അംബേദ്കറൈറ്റുകൾ ആഹ്വാനം ചെയ്തു. പ്രവർത്തകർ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതോടെ പ്രക്ഷോഭം കൂടുതൽ അക്രമാസക്തമായി.
പിന്നാലെ , പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 50ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു – അവരിൽ പലരും ഭീം നഗർ, പ്രിയദർശിനി നഗർ തുടങ്ങിയ ദളിത് ബസ്തികളിൽ നിന്നുള്ള സ്ത്രീകളും ചെറുപ്പക്കാരുമാണ്.
ഭരണഘടനയുടെ പകർപ്പ് അവഹേളിച്ച പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മാനസിക വിഭ്രാന്തി എന്ന് പറഞ്ഞ് പുറത്ത് വിട്ടു. തുടർന്നാണ് സംഘർഷം ഉണ്ടായത്.
Content Highlight: Parbhani Violence: Man Picked Up in Combing Operation Dies in Police Custody