| Tuesday, 17th December 2024, 4:38 pm

പർഭാനി അക്രമം: നിയമ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസ് പീഡനം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: പർഭാനി ആക്രമണത്തിൽ 35 കാരനായ നിയമ വിദ്യാർത്ഥി സോമനാഥ് വ്യാങ്കട്ട് സൂര്യവൻഷി മരണപ്പെട്ടത് ശരീരത്തിലേറ്റ ഒന്നിലധികം മുറിവുകൾ കാരണമാണെന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്. പൊലീസ് മർദനമേറ്റെന്ന ആക്ടിവിസ്റ്റുകളുടെ ആരോപണം ശരിയാണെന്ന് തെളിയിക്കുകയാണിത്.

ഡിസംബർ 10ന് പർഭാനി നഗരത്തിൽ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പകർപ്പ് ഒരാൾ നശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് നശീകരണ പ്രവർത്തനങ്ങൾ നടന്നത്. അക്രമിയായ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവം പർഭാനി ജില്ലയിൽ ബന്ദിന് കാരണമായി. ഡിസംബർ 11 ന്, ജില്ലയിൽ സമ്പൂർണ അടച്ചുപൂട്ടലിന് അംബേദ്കറൈറ്റുകൾ ആഹ്വാനം ചെയ്തു. പ്രവർത്തകർ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതോടെ പ്രക്ഷോഭം കൂടുതൽ അക്രമാസക്തമായി.

പിന്നാലെ 50 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരോടൊപ്പം സൂര്യവൻഷിയുമുണ്ടായിരുന്നു. ഡിസംബർ 15 ന് അദ്ദേഹം പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.

ഡിസംബർ 14ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് സൂര്യവൻഷി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. അറസ്റ്റ് ചെയ്തവരെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ആന്തരികവും ബാഹ്യവുമായ പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും സൂര്യവൻഷിയുടെ അഭിഭാഷകൻ പവൻ ജോൻഡാലെ മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചിരുന്നു.

പക്ഷെ മജിസ്‌ട്രേറ്റ് കോടതി സൂര്യവൻഷിയടക്കമുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ജയിലിനുള്ളിൽ, സൂര്യവൻഷിക്ക് “നെഞ്ച് വേദന” അനുഭവപ്പെടുകയും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു, അവിടെ അദ്ദേഹം മരിച്ചുവെന്ന് നന്ദേഡ് റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ ഷാഹാജി ഉമാപ് പറഞ്ഞു.

സൂര്യവംശിയുടെ മരണം പർഭാനിയിൽ ഉടനീളം പ്രക്ഷോഭത്തിന് കാരണമായി, നിരവധി ജാതി വിരുദ്ധ ഗ്രൂപ്പുകൾ സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. പർഭാനിക്ക് പുറത്ത് ഇൻ-ക്യാമറ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.

നാടോടികളായ വാഡർ ഗോത്രത്തിൽ പെട്ട സൂര്യവൻഷി പഠനത്തിന് വേണ്ടി ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നു. സഹോദരനും അമ്മയും പൂനെയിലെ ചക്കനിൽ കൂലിപ്പണിക്കാരായിരുന്നു.

Content Highlight: Parbhani Violence: Forensic Report Confirms Police Torture in Death of Law Student

We use cookies to give you the best possible experience. Learn more