| Tuesday, 3rd May 2016, 7:44 pm

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. മാനദണ്ഡങ്ങള്‍ പ്രകാരം പുറ്റിങ്ങലിലെ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും റിജ്ജു പറഞ്ഞു.

ലോക്‌സഭയില്‍ എന്‍കെ.പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 138.78 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റിജ്ജു സഭയില്‍ പറഞ്ഞു.

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് റവന്യൂ സെക്രട്ടറി വിശ്വാസ് മേത്തയാണ് കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നത്. ദുരന്തത്തില്‍ 117.35 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

പരവൂര്‍ വെടിക്കെട്ടപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കക്ഷി ഭേതമന്യേ കേരളം ഒന്നടങ്കമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more