കൊച്ചി: പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിന് ഉത്തരവാദികള്‍ ക്ഷേത്രം ഭാരവാഹികളാണെന്നും പോലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവെക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പോലീസിനും ആണെന്ന വാദമാണ് ക്ഷേത്രം ഭാരവാഹികള്‍ കോടതിയില്‍ ഉന്നയിച്ചത്. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പോലീസിനെ അറിയിച്ചില്ലെന്നും വെടിക്കെട്ട് നടന്ന സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നുമുള്ള ക്ഷേത്ര ഭാരവാഹികളുടെ വാദം കോടതി തള്ളി.
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കരാറുകാരന് ലൈസന്‍സുണ്ടായിരുന്നെന്നും നടന്നത് മത്സരക്കമ്പമല്ലെന്നുമുള്ള വാദവും കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.