കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി പിടിയിലായി. തിരുവന്തപുരം വള്ളിച്ചാലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയും പിടിയിലായിട്ടുണ്ട്. വെടിക്കെട്ടിനുള്ള ലൈസന്‍സ് ഇവരുടെ പേരിലാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഇവരെ പിന്നീട് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിരിക്കെയാണ് കൃഷ്ണന്‍കുട്ടി പിടിയിലാകുന്നത്.
ഇതിന് മുന്‍പ് രണ്ട് തവണ ഇയാള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. എറണാകുളം സൗത്തിലെ ഒരു ലോഡ്ജില്‍ ഭാര്യ അനാര്‍ക്കലിക്കൊപ്പം ഇയാള്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എറണാകുളത്തെത്തിയിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.