പറവൂര്‍ ദുരന്തം: കേന്ദ്രനേതാക്കളുടെ സന്ദര്‍ശനത്തെ രാഷട്രീയമായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി
Daily News
പറവൂര്‍ ദുരന്തം: കേന്ദ്രനേതാക്കളുടെ സന്ദര്‍ശനത്തെ രാഷട്രീയമായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2016, 10:39 am

Oommen-Chandy

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ദേശീയ നേതാക്കള്‍ എത്തിയതിനെ ഇപ്പോഴും തങ്ങള്‍ സ്വാഗതം ചെയ്യുക തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു

പരവൂര്‍ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഇന്ന് കത്ത്  നല്‍കും. റവന്യുമന്ത്രിയും, റവന്യുസെക്രട്ടറിയും കൂടിയാലോചിച്ച് ഇത് സംബന്ധിച്ച് വിശദമായ കണക്കുകള്‍ തയ്യാറാക്കി 117 കോടി രൂപയുടെ സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സജി, ബേബി അജി, സൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ ജോലിക്കാരാണ് ഇവര്‍.

വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പൊള്ളല്‍ വിഭാഗം തീവ്രപരിചരണ യൂനിറ്റില്‍ ചികിത്സയിലുള്ള എട്ട് പേരുടേയും നില ഗുരുതരമാണ്.ഇതിനിടെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ നിലമേല്‍ സ്വദേശി അനില്‍കുമാറിന്റെ (44)  മൃതദേഹം ഇന്നലെ വിട്ടുകൊടുത്തു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജീവിന്റെ ശ്വാസകോശചികിത്സക്കായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ യോഗം തീരുമാനിച്ചു.

രോഗനിലയില്‍ മാറ്റം വന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. 48 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.