തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ആചാരവെടിക്കെട്ടിന് അനുമതി നല്‍കിയത് എ.ഡി.എം തന്നെയാണെന്ന് ക്ഷേത്രക്കമ്മറ്റി അംഗത്തിന്റെ മൊഴി. ക്ഷേത്രക്കമ്മിറ്റി അംഗം പ്രേംലാലാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കലക്ടര്‍ തയാറായില്ല. എ.ഡി.എമ്മാണ് അനുമതി നല്‍കേണ്ടതെന്നായിരുന്നു കലക്ടറുടെ നിലപാട്. തുടര്‍ന്ന് അനുമതിക്കായി താനാണ് എ.ഡി.എമ്മിനെ ബന്ധപ്പെട്ടത്. പൊലീസ് അനുകൂല റിപ്പോര്‍ട്ട് വാങ്ങാന്‍ എ.ഡി.എം നിര്‍ദേശിച്ചുവെന്നും പ്രേംലാല്‍ മൊഴി നല്‍കി.
ഈമാസം പത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടമുണ്ടായത്. മല്‍സരക്കമ്പത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് കമ്പപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് ക്ഷേത്രക്കമ്മിറ്റിക്കാര്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് അപകടത്തില്‍ മരിച്ചത്.
കമ്പത്തിനു അനുമതി നല്‍കിയതു സംബന്ധിച്ച് റവന്യൂ വകുപ്പും ആഭ്യന്തരവകുപ്പും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ മൊഴി. വെടിക്കെട്ട് പൊലീസ് തടഞ്ഞില്ലെന്നും അതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും കലക്ടര്‍ ആഭ്യന്തസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ പൊലീസിനെ ന്യായീകരിച്ച് ഡി.ജി.പിയും സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇരു റിപ്പോര്‍ട്ടുകളും പഠിച്ച ആഭ്യന്തര സെക്രട്ടറി പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.