| Monday, 11th July 2016, 3:39 pm

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരവൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, കേരളം വിട്ട് പോകാതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 43 പ്രതികളില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്കാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നേരത്തേ വാദിച്ചത്. എന്നാല്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

ഏപ്രില്‍ പത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടമുണ്ടായത്. മല്‍സരക്കമ്പത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് കമ്പപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് ക്ഷേത്രക്കമ്മിറ്റിക്കാര്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് അപകടത്തില്‍ മരിച്ചത്.

We use cookies to give you the best possible experience. Learn more