മധ്യപ്രദേശ്: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് റാപ്പര്‍ ബാദ്ഷാക്കെതിരെ കേസ് ഫയല്‍ ചെയ്ത് പരശുറാം സേന. താരത്തിന്റെ പുതുതായി റിലീസ് ചെയ്ത ആല്‍ബത്തിലെ ‘സനക്’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് കേസ്.
അശ്ലീല പദങ്ങളോടൊപ്പം ഹിന്ദു ദൈവമായ ശിവന്റെ മറ്റൊരു പേരായ ‘ഭോലേനാഥ്’ ചേര്‍ത്ത് ഗാനം ചിട്ടപ്പെടുത്തിയെന്നാണ് താരത്തിനെതിരായ ആരോപണം. ഗാനം പുറത്ത് വന്നതിന് പിന്നാലെ ഇന്‍ഡോറില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബാദ്ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ താരത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഇന്‍ഡോറിലെ എം.ജി റോഡ് പൊലീസ് സ്റ്റേഷന്‍ അധികാരി സന്തോഷ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ട് മിനിട്ട് പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനത്തിലെ നാല്‍പ്പതാമത്തെ സെക്കന്റിലാണ് വിവാദമായ വരികളുള്ളത്. വിവാദമായതിന് പിന്നാലെ വലിയ രീതിയിലുള്ള വ്യൂസാണ് പാട്ടിന് കിട്ടിയത്.
സംഭവത്തില്‍ മധ്യപ്രദേശിലെ മഹാകാല്‍ അമ്പലത്തിലെ ശാന്തിക്കാരനായ മഹേഷ് പൂജാരിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന രീതി കഴിഞ്ഞ കുറച്ച് കാലങ്ങളായി വര്‍ധിച്ച് വരികയാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും പരാതിയില്‍ ആരോപണമുണ്ട്.
‘ഹിന്ദു സനാതന ധര്‍മ്മത്തെ അപമാനിക്കുന്ന പ്രവണത കുറച്ച് കാലമായി വര്‍ധിച്ച് വരികയാണ്. സര്‍ക്കാരും മത പുരോഹിതന്‍മാരും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സിനിമാ താരമായാലും പാട്ടുകാരനായാലും ദൈവത്തെ അപമാനിക്കുന്നത് നോക്കി നില്‍ക്കാനാവില്ല.
രാജ്യം മുഴുവന്‍ ഇത്തരക്കാര്‍ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ തയ്യാറാകാണം. ഇനിയും മിണ്ടാതിരുന്നാല്‍ സനാതന ധര്‍മ്മത്തിനെതിരായ ആക്രമണങ്ങള്‍ ഇവര്‍ തുടരും. അതിനെ ചെറുക്കണം,’ മഹേഷ് പൂജാരി പറഞ്ഞതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാനം ഉടനെ തന്നെ സോഷ്യല്‍ മീഡിയയില്‍ നീക്കം ചെയ്യണമെന്നും ബാദ്ഷ മാപ്പ് പറയണമെന്നും ഇന്‍ഡോറിലെ മഹാകാല്‍ സേനയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.