Interview | അര നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. അതിനെ മറി കടക്കാന്‍ മോദിക്കാവില്ല | പരഞ്‌ജോയ് ഗുഹ താകുര്‍ത്ത
അഷ്‌റഫ് അഹമ്മദ് സി.കെ.
15 വര്‍ഷം മുമ്പ് ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തില്‍ പേര് പോലുമില്ലാതിരുന്ന ഒരു ഗുജറാത്തുകാരന്‍, പേര് ഗൗതം അദാനി. ലോകത്തിലെ തന്നെ അതി സമ്പന്നരുടെ പട്ടികയില്‍ അദാനി രണ്ടാമതെത്തിയത് അത്ഭുതകരമായ കാഴ്ചയായിരുന്നു. എന്നാല്‍ അധികം താമസിയാതെ തന്നെ അദാനി കെട്ടി പൊക്കിയ സാമ്രാജ്യം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. അതിന് വഴിവെച്ചതാകട്ടെ ഹിന്‍ഡന്‍ ബര്‍ഗെന്ന അമേരിക്കന്‍ കമ്പനി പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടും. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിച്ച ഒരേയൊരു പത്രപ്രവര്‍ത്തകനാണ് പരഞ്ജയ് ഗുഹാ താകൂര്‍ത. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവിയെ കുറിച്ചും, നിലവിലെ ഇന്ത്യന്‍ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും എക്കണോമിക് ജേര്‍ണലിസ്റ്റ് കൂടിയായ പരഞ്ജയ് ഗുഹാ താകൂര്‍ത ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

പരഞ്‌ജോയ് ഗുഹ താകുര്‍ത്ത (ചിത്രത്തിന്‌ കടപ്പാട് : The Hindu)

ചോദ്യം: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിനുണ്ടായ വളര്‍ച്ച അത്ഭുതകരമാണ്, എങ്ങനെയായിരിക്കാം അദാനി ഇത് സാധ്യമാക്കിയത്? അദാനിയിലേക്ക് താങ്കളുടെ ശ്രദ്ധയെത്താനുള്ള പ്രധാന കാരണം എന്തായിരുന്നു?

ഉത്തരം: അദാനിയുടെ വളര്‍ച്ചയേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് അദാനിയുടെ പതനമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദാനിയുടെ പേര് പോലും ആരും കേട്ടിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിനുണ്ടായ വളര്‍ച്ച മറ്റ് പലരെയും പോലെ എന്നെയും വളരെ അത്ഭുതപ്പെടുത്തിയ കാര്യമാണ്.

സ്വാഭാവികമായും അദ്ദേഹത്തിന് മേല്‍ എന്റെ ശ്രദ്ധ പതിയാനും ഇതൊരു കാരണമാണ്. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങുകയും എന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അവരുടെ ബിസിനസ് മേഖലയെക്കുറിച്ച് പഠിക്കാനും ആരംഭിച്ചു.

ജനുവരി 24ന് മുമ്പ് വരെ അദാനി ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ സ്ഥാനത്തായിരുന്നു. പക്ഷെ അദാനിയുടെ വളര്‍ച്ചയേക്കാള്‍ എന്നെയും ഈ നാട്ടിലെ ജനങ്ങളെയും അത്ഭുതപ്പെടുത്തിയത് ജനുവരി 24ന് ശേഷം ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെതുടര്‍ന്ന് അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിനുണ്ടായ പതനമാണ്.

ചിത്രത്തിന് കടപ്പാട് : The New Indian Express

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് 32000 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു റിപ്പോര്‍ട്ടാണ്. അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങള്‍ ഈ റിപ്പോര്‍ട്ടിലൂടെ അവര്‍ ഉന്നയിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം തന്നെ അദാനിയുടെ ടീം തള്ളിയെങ്കിലും ജനുവരി 25 മുതല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ അദാനിയുടെ സ്റ്റോക്കുകള്‍ക്ക് മൂല്യം കുറയാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് എഫ്.പി.ഒ പ്രഖ്യാപിക്കുകയും 20000 കോടി രൂപ സമാഹരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് ഷെയര്‍ മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു.

തങ്ങള്‍ക്ക് ആവശ്യത്തിന് പണം സമാഹരിക്കാന്‍ കഴിഞ്ഞെന്നാണ് അദാനി ഗ്രൂപ്പ് ആദ്യം പറഞ്ഞത്. ഫെബ്രുവരി ഒന്നിന് നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. ആ സമയത്ത് ഷെയര്‍ മാര്‍ക്കറ്റില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.

എങ്കിലും കൂടുതല്‍ കമ്പനികളും മാര്‍ക്കറ്റില്‍ ലാഭമായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ ഒരു കമ്പനിയുടെ ഷെയറുകള്‍ മാത്രം നഷ്ടം രേഖപ്പെടുത്താന്‍ തുടങ്ങി. അദാനിയുടെയും, അനുബന്ധ കമ്പനികളുടെയും ഷെയറുകളാണ് നഷ്ടം രേഖപ്പെടുത്തിയത്.

ഇതിന് തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് തങ്ങളുടെ എഫ്.പി.ഒ പിന്‍വലിച്ച് കൊണ്ട് പ്രസ്താവനയിറക്കി. നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇന്ന് അദാനിയുടെ ബിസിനസ് എത്രവേഗത്തില്‍ വളര്‍ന്നോ അതേ വേഗതയില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്നു. ഇതാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്.

ഗൗതം അദാനി

ചോദ്യം: അദാനിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഴയത് പോലെ മീഡിയാ കവറേജ് കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? എന്ത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. മന:പൂര്‍വ്വം ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടാതെയിരിക്കുകയാണോ ചെയ്യുന്നത് ?

ഉത്തരം: താങ്കള്‍ പറഞ്ഞതിനോട് മുഴുവനായും എനിക്ക് യോജിക്കാന്‍ സാധിക്കില്ല. കാരണം അദാനി ഗ്രൂപ്പിനെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിവിധ പത്രമാസികകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വെബ് സൈറ്റുകള്‍, വാര്‍ത്താ ഏജന്‍സികളെല്ലാം തന്നെ ഈ വിഷയം ചര്‍ച്ച ചെയുന്നുണ്ട്.

ചോദ്യം: ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവെക്കപ്പെടുന്നുണ്ടെന്ന് പറയാനൊക്കുമോ?

ഉത്തരം: എന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ സംഭവിക്കുന്നുണ്ടാവാം. ഇന്ത്യയിലെ തന്നെ വിവിധതരം ന്യൂസ് പോര്‍ട്ടലുകളും, ടി.വി ചാനലുകളും, ഈ വിഷയത്തെ വലിയ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്. വിഷയം ഇപ്പോഴും ചര്‍ച്ചയിലുണ്ട്. കൂടുതല്‍ പഠനങ്ങളും നടന്ന് കൊണ്ടിരിക്കുന്നു.

രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍

പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഈ വിഷയത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച സമയത്ത് സ്പീകര്‍ ഓം ബിര്‍ള തന്നെ പറഞ്ഞത് ‘ഒരു പാട് ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു,’ എന്നാണ്. പക്ഷെ ഈ പരാമര്‍ശം ലോക്‌സഭാ രേഖകളില്‍ നിന്ന് പിന്നീട് നീക്കം ചെയ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും അദാനി വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു. മറ്റൊരു വസ്തുത ഒരു വിഷയത്തെ കുറിച്ച് ആജീവനാന്തം ചര്‍ച്ചകള്‍ നടക്കണമെന്നില്ലല്ലോ, എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

ചോദ്യം: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് അദാനിയുടെ കോര്‍പ്പറേറ്റ് വ്യവസായത്തെ എത്രത്തോളം ബാധിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്, അതിന്റെ ആഘാതം എത്രത്തോളമായിരിക്കും?

ഉത്തരം: ഈ ചോദ്യത്തിന് മറുപടി പറയാന്‍ ഇപ്പോള്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കാരണം ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ ഞാന്‍ ആളല്ല. വളരെ പ്രധാന്യമുള്ള റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ ബര്‍ഗ് പുറത്ത് വിട്ടത്. ആ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനിയുടെ ഷെയറില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതും സത്യം തന്നെയാണ്.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ അദാനി തള്ളി പറയുകയും ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. എന്നിട്ട് ഇപ്പോള്‍ അവര്‍ അമേരിക്കയില്‍ ഹിന്‍ഡന്‍ ബര്‍ഗിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കാരണം ഹിന്‍ഡന്‍ ബര്‍ഗ് അമേരിക്കന്‍ കമ്പനിയാണല്ലോ.

അത് കൊണ്ട് തന്നെ കാത്തിരിക്കാനേ നമുക്കിപ്പോള്‍ നിര്‍വാഹമുള്ളൂ. അദാനിയുടെ ഭാവി എന്തായി തീരുമെന്ന് ഇപ്പോള്‍ തന്നെ പറയാന്‍ സാധിക്കില്ല. ഭാവിയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ബിസിനസ് മേഖലകളില്‍ എന്തു മാറ്റം ഉണ്ടാക്കുമെന്ന് അറിയാനും നമ്മള്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

ചോദ്യം: അദാനിയുടെ പതനം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടോ?

ഉത്തരം: ഞാനങ്ങനെ കരുതുന്നില്ല. നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളില്‍ എത്ര പേര്‍ ഷെയര്‍ മാര്‍ക്കറ്റുകളില്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ പണം നിക്ഷേപിക്കാറില്ല. വലിയ പണക്കാരായ ആളുകളും, മധ്യ വര്‍ഗ സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കുമായിരിക്കും ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഉണ്ടാവുക.

പക്ഷേ ഷെയര്‍ മാര്‍ക്കറ്റില്‍ അദാനിയുടെ ഷെയറുകള്‍ക്ക് ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് മറ്റു പല കമ്പനികളുടെയും ഓഹരികളിലും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരുപാട് കമ്പനികളെ സാമ്പത്തികമായ പ്രതിസന്ധിയിലേക്കും തള്ളി വിട്ടിട്ടുണ്ട്. ഇത് ചിലപ്പോള്‍ വലിയൊരു ജനവിഭാഗത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. സെബി പോലുള്ള ഓര്‍ഗനൈസേഷനുകളിലും, ഭാരതത്തിന്റെ പരമോന്നത കോടതിയിലും കേസ് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് കാത്തിരിക്കാനേ നിര്‍വാഹമുള്ളു. അദാനിയുടെ പ്രതിസന്ധി നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കാലം തെളിയിക്കും.

ചോദ്യം: അങ്ങനെയെങ്കില്‍ മാര്‍ക്കറ്റില്‍ ഇത്ര വലിയൊരു സാമ്പത്തിക അട്ടിമറി നടക്കുന്നതിനെ കുറിച്ച് സെബി, ആര്‍.ബി.ഐ പോലുള്ള സ്ഥാപനങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാകുമോ?

ഉത്തരം: അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്. അദാനിയോടൊപ്പം ആരോപണങ്ങള്‍ നേരിടുന്ന കമ്പനികളെല്ലാം തന്നെ എഫ്.പി.ഐ കമ്പനികളാണ്. അതായത് ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റര്‍ കമ്പനികള്‍. ഇത്തരം കമ്പനികളെല്ലാം തന്നെ വിദേശത്ത് ആയിരിക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവുക.

ലോകത്ത് ‘ടാക്‌സ് ഫ്രീ ഹെവന്‍’ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ ഉണ്ട്. വിദേശ ഇന്‍വെസ്റ്റര്‍മാര്‍ക്ക് ബിസിനസ് ചെയ്യാന്‍ നികുതിയില്‍ വലിയ രീതിയിലുള്ള ഇളവ് ലഭിക്കുന്ന രാജ്യങ്ങളാണിവ. സൈപ്രസ്, മൊറീഷ്യസ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ ഇതിനുദാഹരണമാണ്. അദാനിയുടെ വിദേശ കമ്പനികള്‍ പ്രധാനമായും ലൊക്കേറ്റ് ചെയ്തിരിക്കുന്നത് ഇത്തരം രാഷ്ട്രങ്ങളിലാണ്.

അദാനിയുടെ സാമ്പത്തിക ക്രമക്കേടുകളെ അടിസ്ഥാനപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. സി.എന്‍.ബി.സി, അദാനി വാച്ച്, എക്കണോമിക് ടൈംസ് എന്നിവയിലുള്‍പ്പടെ ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 10,12 കമ്പനികളെ കുറിച്ച് സെബിക്ക് ആദ്യമേ തന്നെ പരാതികള്‍ ലഭിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

മഹുവ മൊയ്ത്ര

തൃണമൂല്‍ എം.പി മഹുവാ മൊയ്ത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷയത്തില്‍ സെബിക്ക് കത്ത് എഴുതിയിരുന്നു. സെബിയുടെയും, രാജ്യത്തെ കോര്‍പ്പറേറ്റ് നിയമങ്ങളും പാലിച്ചുകൊണ്ടാണോ ഇത്തരത്തിലുള്ള വിദേശ കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് എന്ന സംശയവും ഇവര്‍ ആദ്യമേ ഉന്നയിച്ചതാണ്.

പിന്നീട് ഇതേ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ നമ്മുടെ ധനകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് എഴുതി തയ്യാറാക്കിയ മറുപടിയില്‍ പറഞ്ഞത് ഇത്തരം കമ്പനികളെക്കുറിച്ചുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു.

പരിശോധനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വന്നതുമില്ല. പരിശോധന തുടങ്ങിയോ, എന്ന് അവസാനിക്കും, അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും പുറത്ത് വന്നതുമില്ല. ഇതിനെ കുറിച്ച് സെബിയോട് തന്നെ ചോദിക്കേണ്ടിവരും.

ജനങ്ങള്‍ ഈ വിഷയത്തില്‍ നിരന്തരമായി അദാനിയോടും, സര്‍ക്കാറിനോടും ചോദ്യം ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരം സെബിയുടെ കയ്യിലാണുള്ളത്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി സത്യം എന്തുതന്നെയായാലും പൂര്‍ണമായ റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്‍പില്‍ വെക്കണമെന്നാണ് സെബിയോട് എനിക്ക് പറയാനുള്ളത്. ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്.

ചോദ്യം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ രാജ്യത്തിനെതിരെയുള്ള ആക്രമണമായാണ് അദാനി വിശേഷിപ്പിച്ചത്. കുറച്ചുനാളുകളായി ഈ ഒരു ട്രെന്‍ഡ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്തു കുറ്റം ചെയ്താലും അതില്‍ ദേശീയത കലര്‍ത്തി രക്ഷപ്പെടുവാനുള്ള തന്ത്രം എത്രകാലം അദാനിയെ സംരക്ഷിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

ഉത്തരം: നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ കാര്യം തീര്‍ത്തും വാസ്തവമാണ്. അദാനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത് അദാനിക്കെതിരെ പറഞ്ഞവരെല്ലാം തന്നെ രാജ്യത്തിനെതിരായാണ് സംസാരിച്ചത് എന്നാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ സി.എഫ്.ഒ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദീകരണം നല്‍കി രംഗത്ത് വന്നിരുന്നു. ആ വീഡിയോയില്‍ അദ്ദേഹത്തിന്റെ പുറകിലായി അദാനി കോര്‍പ്പറേറ്റിന്റെ ലോഗോയുടെ തൊട്ടടുത്ത് നമ്മുടെ ദേശീയ പതാകയുടെ ചിത്രവും പതിച്ച് വെച്ചിട്ടുണ്ട്.

അദാനിയുടെ ലോഗോയെക്കാളും വലുതായിരുന്നു നമ്മുടെ ദേശീയ പതാകയുടെ വലിപ്പം. കൂട്ടത്തില്‍ ജാലിയന്‍വാലാബാഗിനെ കുറിച്ചും അവര്‍ പരാമര്‍ശിച്ചിരുന്നു. ഏതു രീതിയില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരായ പട്ടാളക്കാരെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ രാജ്യത്ത് തന്നെയുള്ള ജനങ്ങളെ കൊന്നൊടുക്കിയോ അതുപോലെ വിദേശ ശക്തികള്‍ നമ്മുടെ രാജ്യത്തെ ആക്രമിക്കുകയാണ് എന്നാണ് അന്നവര്‍ പറഞ്ഞത്. ഇതിലൂടെ നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യവും അദാനിയുടെ ലക്ഷ്യവും ഒന്നുതന്നെയാണ് എന്ന് കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്.

പക്ഷേ ഞാന്‍ ഈ പ്രസ്താവനയെ ശക്തമായി തന്നെ എതിര്‍ക്കും. കാരണം മഹത്തായ നമ്മുടെ രാജ്യത്തെ ഒരു കോര്‍പ്പറേറ്റ് കമ്പനിയുമായി, അതും അന്വേഷണം നേരിടുന്ന ഒരു സ്ഥാപനവുമായി തുലനം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു കോര്‍പ്പറേറ്റ് സ്ഥാപനവും ഈ രാജ്യത്തോളം വലുതല്ല.

പി.എന്‍.വിജയ് (ചിത്രത്തിന്‌ കടപ്പാട്; ഇന്ത്യ ടുഡേ}

ഈ വിഷയത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്‍വെസ്റ്റര്‍ ബാങ്കര്‍ കൂടിയായ ഒരു ബിജെപി പ്രവര്‍ത്തകനോട് ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ അദാനിയുടെ പ്രശ്‌നം രാജ്യത്തിന്റെ പ്രശ്‌നമായി നിങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി തന്നെ അത് നിരാകരിക്കുകയുണ്ടായി. പി.എന്‍ വിജയ് എന്നാണ് അദ്ദഹത്തിന്റെ പേര്. ഇതില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും അദാനി വിഷയത്തില്‍ വിരുദ്ധാഭിപ്രായമാണുള്ളതെന്ന് ഞാന്‍ മനസിലാക്കുന്നു.

ചോദ്യം: അദാനിയുടെ വളര്‍ച്ചയില്‍ മോദി എത്രത്തോളം പങ്ക് വഹിച്ചിട്ടുണ്ട്?

ഉത്തരം: ഈ വിഷയത്തില്‍ കാര്യമായ ഒരു അഭിപ്രായം ഞാന്‍ പറയേണ്ടതുണ്ടോ, നമ്മുടെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതിനോടകം നിരവധി വിമര്‍ശനങ്ങള്‍ ഈ വിഷയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. എന്റെ തന്നെ നിരവധി ലേഖനങ്ങളും ആര്‍ട്ടിക്കിളുകളും വിഷയത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാറും അദാനിയുമായുള്ള രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുമൊക്കെ ആ ലേഖനങ്ങളില്‍ വളരെ വിശദമായി ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അദാനി പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം

എങ്ങനെയാണ് അദാനി ഇത്ര വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നും, അതില്‍ അദാനിയുടെ സ്വന്തം കഷ്ടപ്പാടിന് അപ്പുറത്തേക്ക് മറ്റേതെങ്കിലും കാരണമുണ്ടോ? എന്നതിനെക്കുറിച്ചൊക്കെ അറിയാന്‍ എന്റെ ലേഖനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. 100 ശതമാനം വസ്തുതാപരമായ കാര്യങ്ങളാണ് ഞാന്‍ അതില്‍ എഴുതിയിട്ടുള്ളത്. അതിനെ ഏതു രീതിയില്‍ മനസിലാക്കണമെന്നത് നിങ്ങളുടെ സ്വയബുദ്ധിക്ക് വിട്ടുതരുന്നു.

ചോദ്യം: 2014 നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഈ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക നയങ്ങളെക്കുറിച്ച്, ഈ വിഷയത്തില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ ഒരാള്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്

ഉത്തരം: ഓരോ സര്‍ക്കാരുകളും രാജ്യത്ത് അധികാരത്തിലേറിയതുമുതല്‍ നിരവധി പോളിസികള്‍ നടപ്പിലാക്കിയിട്ടുണ്ട്.  ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത് മുതല്‍ അവര്‍ വലതുപക്ഷ ക്യാപ്പിറ്റലിസ്റ്റ് രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്.

അപ്പോള്‍ ഇതിന് മുമ്പ് ഇവിടെ അധികാരത്തിലേറിയ സര്‍ക്കാറുകളും ഇത്തരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ കൊണ്ട് വന്നിട്ടില്ലേ എന്നൊരു ചോദ്യവും നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇതിനു മുന്‍പ് വന്ന സര്‍ക്കാറുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുതലാളിത്ത രീതിയിലേക്ക് മാറ്റിയിട്ടുള്ളത്.

എന്നാല്‍ മാര്‍ക്കറ്റ് എക്കണോമിയിലും പ്രൈവറ്റ് സെക്ടറിലും പൂര്‍ണമായും വിശ്വസിക്കുന്ന ഗവണ്‍മെന്റാണ് കേന്ദ്രത്തില്‍ ഉള്ളത്. മാത്രമല്ല പബ്ലിക് സെക്ടറിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും കൂടുതലായി നടന്നുകൊണ്ടിരിക്കുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌

രാജ്യത്ത് സാമ്പത്തിക ഉദാരവല്‍ക്കരണം കൊണ്ടുവന്നത് അന്നത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍സിങാണ്. എങ്കിലും അവരുടെ പദ്ധതികളില്‍ പില്‍ക്കാലത്ത് പലരീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി കാണാന്‍ പറ്റും. പക്ഷെ എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ പൂര്‍ണ്ണമായും പാശ്ചാത്യ മാതൃകയെ അനുകരിക്കുന്നവയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ചോദ്യം: താങ്കളുടെ അഭിപ്രായത്തില്‍ നമ്മുടെ രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണ്?

ഉത്തരം: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വലിയ രീതിയില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യം പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട മൂന്ന് വിഷയങ്ങളുണ്ട്. ഒന്ന് തൊഴിലില്ലായ്മ, രണ്ട് വിലക്കയറ്റം, മൂന്ന് സാമ്പത്തിക അസമത്വം. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും എവിടെയും നടക്കുന്നതായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നത്തെ സര്‍ക്കാര്‍ ഏത് രീതിയില്‍ പരിഹരിക്കും എന്നത് കണ്ടറിയേണ്ട വിഷയമാണ്.

നമ്മുടെ യുവാക്കള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ഒരു അഗ്‌നിവീര്‍ പദ്ധതി കൊണ്ട് ഈ രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമോ? അതുപോലെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവനെയാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ധന് സാധാരണക്കാരന്റെ ജീവിതക്രമത്തെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ഉള്ളവനും ഇല്ലാത്തവനും, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വലിയ രീതിയില്‍ ഈ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുമുണ്ട്.

എന്റെ അറിവില്‍ ഈ സ്ഥിതി മുമ്പൊരിക്കലും ഉണ്ടായതായി കാണുന്നില്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക്‌ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ഇതിനെ മറികടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ചോദ്യം: ദി വയര്‍, ന്യൂസ് ക്ലിക്ക്, എന്‍.ഡി.ടി.വി ഇപ്പോള്‍ ബി.ബി.സിയും. മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരതയുടെ കടന്നു കയറ്റമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. വിഷയത്തില്‍ താങ്കളുടെ കാഴ്ച്ചപ്പാട് എന്താണ്?

ഉത്തരം: എല്ലാ സര്‍ക്കാരുകളും ചെയ്തിട്ടുള്ള ഒരു കാര്യമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതിനു മുന്‍പുള്ള സര്‍ക്കാരുകളും മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ എടുത്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ക്കെതിരെയും, പത്രക്കാര്‍ക്കെതിരെയും ഒരു സഹന മനോഭാവമല്ല അധികാരത്തില്‍ ഉള്ളവര്‍ക്കുള്ളത്. പക്ഷേ വ്യത്യാസമെന്തെന്നാല്‍ ഈ സര്‍ക്കാരിന് പത്രപ്രവര്‍ത്തകരോടും മറ്റു സ്ഥാപനങ്ങളോടും ഒരുതരത്തിലുള്ള പ്രതികാര മനോഭാവമാണുള്ളത്.ഇതിനായി ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും, ഇ.ഡി പോലുള്ള സ്ഥാപനങ്ങളെയും വ്യാപകമായി ദുരുപയോഗിക്കുകയും ചെയ്യുന്നു.

മാധ്യമങ്ങളുടെ ജോലി ഭരണകൂടത്തെ ചോദ്യം ചെയ്യലാണ്. പക്ഷേ നമ്മുടെ രാജ്യത്തെ നല്ലൊരു ശതമാനം മാധ്യമങ്ങളും ഭരിക്കുന്ന ഗവണ്‍മെന്റുകളുടെ സ്തുതിപാടകരായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭരണകൂടത്തോടും, രാഷ്ട്രീയക്കാരോടും, കോര്‍പ്പറേറ്റുകളോടുംചോദ്യം ചോദിക്കുന്നത് നിര്‍ത്തിയാല്‍ ഈ രാജ്യത്തിന്റെ വ്യവസ്ഥിതി തന്നെ തകരാറിലാവും. ഇവിടെ അഴിമതി വര്‍ദ്ധിക്കും. ഇതു വലിയ സങ്കടം ഉണ്ടാക്കുന്ന ഒരു കാഴ്ചയാണ് എനിക്ക് നല്‍കുന്നത്. ഇന്ന് വലിയൊരു വിഭാഗം മാധ്യമങ്ങളും അവരുടെ ജോലി ചെയ്യാതായിരിക്കുന്നു. ചോദ്യം ചെയ്യുന്ന ചെറിയ ശതമാനം വരുന്ന ആളുകളെ ഗവണ്‍മെന്റ് വേട്ടയാടുകയും ചെയ്യുന്നു. അവര്‍ക്കെതിരെ കേസും എടുക്കുന്നു. ഇത് വളരെ ഭീകരമായ അവസ്ഥയാണ്.

ഒരു കാര്യം കൂടി ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്കറിയാമോ നമ്മുടെ പ്രധാനമന്ത്രി അധികാരത്തിലേറിയ അന്നുമുതല്‍ ഇന്നുവരെ ഒരു മാധ്യമങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനുമുമ്പ് ഈ രാജ്യത്ത് ഉണ്ടായ എല്ലാ പ്രധാനമന്ത്രിമാരും ഒരിക്കലെങ്കിലും മാധ്യമങ്ങളെ ഫേസ് ചെയ്യാന്‍ ധൈര്യം കാണിച്ചവരാണ്. എന്നാല്‍ മോദി അത് ചെയ്തിട്ടില്ല.

അതിന് പകരം തിരഞ്ഞെടുത്ത കുറച്ച് ആളുകള്‍ക്ക് അഭിമുഖവും മറ്റും നല്‍കി കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ വലിയ കഠിനമായ ചോദ്യങ്ങളൊക്കെയാണ് അദ്ദേഹത്തോട് ചോദിക്കുന്നത്.

അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും

നമുക്കെല്ലാം അറിയാവുന്ന ഒരു വ്യക്തി ഉണ്ടല്ലോ, അദ്ദേഹം ഒരു കനേഡിയന്‍ പൗരനാണ്, വലിയ ഫിലിം സ്റ്റാര്‍ ആണ്, ഈ രാജ്യത്തിന് ഒരുപാട് ടാക്‌സ് കൊടുക്കുന്ന ഒരാളും കൂടിയാണ്. നിങ്ങള്‍ക്ക് ആളെ പിടികിട്ടിയിട്ടുണ്ടാകും അക്ഷയ് കുമാറിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്.അദ്ദേഹത്തിന് നമ്മുടെ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അദ്ധേഹം പക്ഷെ അന്ന് മോദിയോട് ചോദിച്ചത് മാങ്ങ കഴിക്കുന്നതിനെ കുറിച്ചാണ്. അത് മുറിച്ചിട്ടാണോ, മുറിക്കാതെയാണോ കഴിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്.

ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ. ഇനിയും മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യാതിരുന്നാല്‍ അത് ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ നശിപ്പിക്കാന്‍ കാരണമായിത്തീരും.

ചോദ്യം: ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് അന്വേഷണങ്ങളും, കേസുകളും, റെയ്ഡുകളുമെല്ലാം നടന്നിട്ടുണ്ട്. താങ്കള്‍ക്കെതിരെയും ആറോളം മാനനഷ്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ടല്ലോ, അതിന്റെ നിലവിലെ അവസ്ഥ എന്താണ്?

ഉത്തരം: നിങ്ങള്‍ അറിഞ്ഞ കാര്യം വാസ്തവമാണ്. ആ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. മുന്ദ്ര കോടതിയില്‍ രണ്ട്, അഹമ്മദാബാദില്‍ രണ്ട്, പിന്നെ ഒന്ന് ദല്‍ഹിയിലും, ഒരെണ്ണം രാജസ്ഥാനിലും. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

രണ്ടു കേസുകളില്‍ എനിക്ക് സംസാരിക്കാനുള്ള വിലക്കുമുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങള്‍ക്ക് മുന്നില്‍ ചില സൂചനകള്‍ നല്‍കാനേ സാധിക്കൂ. ഈ കേസുകളില്‍ ഇനി എന്താണ് എന്റെ ഭാവിയെന്ന് എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. എന്റെ വായ അടച്ചിരിക്കുകയാണ്. അദാനി സാമ്രാജ്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കരുതെന്ന് എനിക്ക് കോടതിയില്‍ നിന്നും നിര്‍ദ്ദേശമുണ്ട്.

അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ എനിക്ക് പരിമിതിയുണ്ട്. എനിക്ക് നിങ്ങളുടെ പ്രേക്ഷകരോട് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ ശ്രമിക്കൂ. സത്യം എന്തെന്ന് മനസ്സിലാക്കൂ. നന്ദി.

content highlights : Paranjoy Guha Thakurta Interview About Hindenburg report on Adani group and Indian Economy

അഷ്‌റഫ് അഹമ്മദ് സി.കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. സോഷ്യോളജിയില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.