അഗ്‌നിവീര്‍ പദ്ധതി രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരമല്ല; സര്‍ക്കാരിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടത്: പരഞ്‌ജോയ് ഗുഹ താകുര്‍ത്ത
national news
അഗ്‌നിവീര്‍ പദ്ധതി രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരമല്ല; സര്‍ക്കാരിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടത്: പരഞ്‌ജോയ് ഗുഹ താകുര്‍ത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 6:20 pm

കോഴിക്കോട്: അഗ്‌നിവീര്‍ പദ്ധതി നടപ്പിലാക്കിയത് കൊണ്ട് മാത്രം രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത.

രാജ്യം നേരിടുന്ന സുപ്രധാന പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നില്ലെന്നും, ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അരനൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലാണെന്നും, വിലക്കയറ്റവും, സാമ്പത്തിക അസമത്വവും രാജ്യത്ത് വര്‍ദ്ധിച്ചെന്നും താകുര്‍ത്ത പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വലിയ രീതിയില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യം പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട മൂന്ന് വിഷയങ്ങളുണ്ട്. ഒന്ന് തൊഴിലില്ലായ്മ, രണ്ട് വിലക്കയറ്റം, മൂന്ന് സാമ്പത്തിക അസമത്വം. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും എവിടെയും നടക്കുന്നതായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്നത്തെ സര്‍ക്കാര്‍ ഏത് രീതിയില്‍ പരിഹരിക്കും എന്നത് കണ്ടറിയേണ്ട വിഷയമാണ്.

നമ്മുടെ യുവാക്കള്‍ അനുഭവിക്കുന്ന വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഒരു അഗ്നിവീര്‍ പദ്ധതി കൊണ്ട് ഈ രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമോ? അതുപോലെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവനെയാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരന്റെ ജീവിതക്രമത്തെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ഉള്ളവനും ഇല്ലാത്തവനും, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വലിയ രീതിയില്‍ ഈ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുമുണ്ട്.

എന്റെ അറിവില്‍ ഈ സ്ഥിതി മുമ്പൊരിക്കലും ഉണ്ടായതായി കാണുന്നില്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ഇതിനെ മറികടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ പരഞ്‌ജോയ് ഗുഹ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: Paranjoy Guha Thakurta comment on unemployment