പരനാറിയെന്ന് വിളിച്ചത് ബോധപൂര്‍വം; ഇതിലും മോശമായി പ്രതികരിക്കേണ്ടിയിരുന്നു: പിണറായി
Daily News
പരനാറിയെന്ന് വിളിച്ചത് ബോധപൂര്‍വം; ഇതിലും മോശമായി പ്രതികരിക്കേണ്ടിയിരുന്നു: പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2014, 11:35 pm

തിരുവനന്തപുരം: കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എന്‍. കെ. പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചത് ബോധപൂര്‍വ്വമായിരുന്നുവെന്ന് പിണറായി വിജയന്‍. സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം. എ. ബേബിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടയിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചത്.

[]കൊല്ലം സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫിലേക്ക് പോയ ആര്‍.എസ്.പി കാട്ടിയ നെറികേടിന് ഇതിലും മോശമായ ഭാഷയിലായിരുന്നു പ്രതികരിക്കേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. തിരവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമതിയോഗത്തിലാണ് പരനാറി പ്രയോഗത്തെ പിണറായി വിജയന്‍ ന്യായീകരിച്ചത്.

കൊല്ലത്ത് ബേബിയുടെ പരാജയത്തിനു പിണറായിയുടെ പരനാറി പ്രയോഗവും കാരണമായിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പിണറായിയുടെ വിശദീകരണം.

പ്രേമചന്ദ്രനെ ഇകഴ്ത്തിയും പിണറായിയെ ന്യായീകരിച്ചുകൊണ്ടും പാര്‍ട്ടിപത്രമായ ദേശാഭിമാനില്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. സാധാരണക്കാരില്‍ നിന്നുയര്‍ന്ന് വന്നവരാണ് കമ്മ്യൂണിസ്റ്റു നേതാക്കളെന്നും അവരുടെ ഭാഷാപ്രയോഗങ്ങള്‍ സാധാരണക്കാരുടേതാണെന്നും അതിന് ആഭിജാത്യമില്ലെന്ന് പറഞ്ഞു വിമര്‍ശിക്കുന്നത് വരേണ്യതയുടെ ഭാഗമാണെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ പറയുന്നു.

“ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി പലവട്ടം എം.പിയും എം.എല്‍.എയും മന്ത്രിയും ഒക്കെയാവുകയും ചെയ്ത ഒരാള്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നു പറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു പുലര്‍ച്ചയില്‍ കണ്ടത്”- പ്രേമചന്ദ്രനെ ദേശാഭിമാനി വിമര്‍ശിക്കുന്നു.