| Tuesday, 3rd December 2024, 8:16 am

ലൈക്കയുടെ ടൈം, നല്ല ബെസ്റ്റ് ടൈം... വിടാമുയര്‍ച്ചിക്ക് പണി കൊടുത്ത് ഹോളിവുഡ് സ്റ്റുഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ്. വിജയ് നായകനായ കത്തിയിലൂടെയാണ് ലൈക്ക സിനിമാനിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ ലൈക്ക നിര്‍മിക്കുകയും അതില്‍ പലതും വന്‍ ഹിറ്റാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ലൈക്കക്ക് അത്ര നല്ല സമയമല്ല. ഈ വര്‍ഷം ലൈക്കയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ അത്രകണ്ട് വിജയമായിട്ടില്ല.

കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 ഈ വര്‍ഷത്തെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ വേട്ടൈയന്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതെ പോയി. ഇപ്പോഴിതാ ലൈക്കയുടെ ഏറ്റവും പുതിയ ചിത്രമായ വിടാമുയര്‍ച്ചിയും വലിയൊരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. തമിഴ് സിനിമ അധികം കണ്ടിട്ടില്ലാത്ത കഥാപരിസരമാണ് ചിത്രത്തിന്റേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്ന് ടീസറിന് പിന്നാലെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ബ്രേക്ക് ഡൗണ്‍. ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹോളിവുഡ് സ്റ്റുഡിയോയായ പാരമൗണ്ട് പിക്‌ചേഴ്‌സ് ലൈക്കയോട് 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് വിവരം.

2025 ജനുവരിയില്‍ വിടാമുയര്‍ച്ചി റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ പ്രശ്‌നം അണിയറപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്നത്. മുമ്പ് പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോവുകയായിരുന്നു. പുതിയ പ്രശ്‌നത്തെ അണിയറപ്രവര്‍ത്തകര്‍ എങ്ങനെ തരണം ചെയ്യുമെന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്. 2023ലാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. അസര്‍ബൈജാനിലായിരുന്നു വിടാമുയര്‍ച്ചിയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ഷൂട്ടിനിടെ അജിത്തിന് അപകടം നേരിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

അജിത്തിന് പുറമെ അര്‍ജുന്‍, റജീന കസാന്‍ഡ്ര, തൃഷ തുടങ്ങി വന്‍ താരനിര വിടാമുയര്‍ച്ചിയില്‍ അണിനിരക്കുന്നുണ്ട്. തടം, കഴക തലൈവന്‍, മീയാത മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചിയുടെ സംവിധാനം. ഓം പ്രകാശും നീരവ് ഷായും ചേര്‍ന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Paramount Pictures sent legal notice to Lyca Productions after Vidaamuyarchi teaser

Latest Stories

We use cookies to give you the best possible experience. Learn more