| Monday, 19th April 2021, 6:04 pm

ആളുകളില്ലാതെ കുടമാറ്റം നടത്തിയിട്ട് കാര്യമില്ലല്ലോ; തൃശൂര്‍ പൂരം നിയന്ത്രണങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. എല്ലാ ആചാരങ്ങളും പതിവ് പോലെ നടക്കുമെന്നും സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളോട് ദേവസ്വം തീര്‍ച്ചയായും യോജിക്കുന്നുവെന്നും ജി. രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് കണക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങളുടെ ജീവന് വില കല്‍പ്പിച്ച് എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുകയാണ്.
കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറച്ചതടക്കമുള്ള ചില നിയന്ത്രണങ്ങളുണ്ട്. മറ്റെല്ലാ ആചാരങ്ങളും നടക്കും.

ആളുകളില്ലാതെ കുറെ കുടമാറ്റം നടത്തുന്നതിലും കാര്യമില്ലല്ലോ. അതുകൊണ്ട് 60 സെറ്റിന് പകരം അഞ്ചോ പത്തോ കുടകളെ മാറുകയുള്ളു. ചാനലുകള്‍ വഴിയും ഓണ്‍ലൈനായും പൂരം കാണാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നും ജി. രാജേഷ് പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം അതിശക്തമായി പടരുന്നതിനിടയില്‍ തൃശൂര്‍ പൂരം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ അടിയന്തര യോഗത്തില്‍ തീരുമാനിച്ചത്.

പൂരപറമ്പില്‍ സംഘാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. പൂരത്തിലെ കുടമാറ്റം ചടങ്ങിന്റെ സമയം വെട്ടികുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ചമയ പ്രദര്‍ശനം ഉണ്ടാവുകയില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

24ാം തിയ്യതി നടത്താനിരുന്ന പകല്‍ പൂരം ഉണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. പൂരപറമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നടത്തിയ സര്‍ട്ടിഫിക്കറ്റോ വാക്സീന്‍ രണ്ട് ഡോസുകളും എടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി നേരത്തെ ദേവസ്വം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Paramekkavu Devaswam response to Thrissur Pooram covid protocols

We use cookies to give you the best possible experience. Learn more