മുംബൈ: തനിക്കെതിരായ മഹാരാഷ്ട്ര പൊലീസിന്റെ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്.
തനിക്കെതിരായി അന്വേഷണം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ട്. കേസ് ഇവിടെ നിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരം ബിര്‍ സിംഗിനെ ചോദ്യം ചെയ്തത്. എന്നാല്‍ മുന്‍ മന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ പിന്‍വലിക്കാത്തതിന്റെ പേരില്‍ തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും പരം ബീര്‍ സിംഗ് പറഞ്ഞു.
മാര്‍ച്ചിലാണ് അനില്‍ ദേശ്മുഖിനെതിരെ പരം ബിര്‍ സിംഗ് കത്തെഴുതുന്നത്.
പരം ബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.
മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Param Bir Singh moves SC alleging conspiracy to frame him in case against Anil Deshmukh