പാരാലിമ്പിക്‌സിന് വര്‍ണ്ണാഭമായ തുടക്കം
DSport
പാരാലിമ്പിക്‌സിന് വര്‍ണ്ണാഭമായ തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 11:01 am

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിലെ ആരവങ്ങള്‍ അവസാനിച്ച വേളയില്‍ അടുത്ത കായികമാമാങ്കമായ പാരാലിമ്പിക്‌സിന് ലണ്ടനില്‍ തിരിതെളിഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന വേദിയായ ഒളിമ്പിക്‌സ് പാര്‍ക്കിലെ കായിക കളിത്തട്ടില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം, എലിസബത്ത് രാജ്ഞി നിര്‍വഹിച്ചു.[]

ഏകദേശം 80,000 കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടനചടങ്ങ്. പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌സായിരുന്നു ഉദ്ഘാടന വേദിയിലെ സൂപ്പര്‍താരം. ബ്രിട്ടന്റെ ആദ്യ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാര്‍ഗരറ്റ് മോഗന്‍(84) പാരാലിമ്പിക് ദീപം തെളിയിച്ചു. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് കാണികള്‍ വന്‍ ആരവത്തോടെയാണ് സ്വീകരിച്ചത്.

പ്രൗഢഗംഭീരമായ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഒളിമ്പിക്‌സ് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോ, പാരാലിമ്പിക്‌ പ്രസിഡന്റ് ഫിലിപ് ക്രാവന്‍, ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യ അടക്കം 165 രാജ്യങ്ങളില്‍ നിന്നുള്ള 4,280 താരങ്ങള്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്‍പതിനാണ് സമാപനം. ഇന്ത്യയില്‍ നിന്ന് പത്തംഗ സംഘമാണ് പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.

നാല് വര്‍ഷം മെഡലുകള്‍ വാരിക്കൂട്ടിയ ചൈന തന്നെ ഇത്തവണ ഒന്നാമതെത്തുമെന്നാണ് പ്രവചനം. അതേസമയം, ഒളിമ്പിക്‌സിലെ മിന്നും പ്രകടനത്തോടെ ആതിഥേയരായ ബ്രിട്ടന്‍ പാരാലിമ്പിക്‌സിലും കുതിപ്പ് നടത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഷൂട്ടിങ് മത്സരങ്ങളോടെയാണ് ഇവന്റുകള്‍ ആരംഭിക്കുന്നത്. വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍, സൈക്ലിംഗ്, ജൂഡോ, അത്‌ലറ്റിക്‌സ്, നീന്തല്‍ ഇങ്ങനെ നീളുന്ന 21 വ്യത്യസ്ത ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. 1960ല്‍ റോമിലാണ് ആദ്യ പാരാലിമ്പിക്‌സ് ഗെയിംസ് നടന്നത്. ഇത് പാരാലിമ്പിക്‌സിന്റെ 14-ാം എഡീഷനാണ്.

ആകെ 1513 വനിതാ താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഉത്തരകൊറിയ അടക്കം നിരവധി രാജ്യങ്ങള്‍ ഇതാദ്യമായി പാരാലിമ്പിക്‌സിന് താരങ്ങളെ അയയ്ക്കുന്നുവെന്ന പ്രത്യേകതയും ലണ്ടനിലെ സ്‌പെഷ്യല്‍ മാമാങ്കത്തിനുണ്ട്.