| Thursday, 24th October 2019, 12:07 am

വേദന കടിച്ചമര്‍ത്തി മരീകെ കാത്തിരുന്ന ദിവസം; പാരാലിമ്പിക് ചാമ്പ്യന്‍ ദയാവധം വരിച്ചു; 'ട്രാക്കില്‍ കുതിച്ച ആ വീല്‍ചെയറിന് എന്നെന്നേക്കുമായി വിട'

സ്പോര്‍ട്സ് ഡെസ്‌ക്

ബെല്‍ജിയം: ഈ ദിവസിത്തിനായായിരിക്കാം മരീകെ കാത്തിരുന്നത്, താന്‍ ഒപ്പിട്ട് നല്‍കിയ തന്റെ മരണത്തിയ്യതിക്ക് വേണ്ടി. ജന്മസ്ഥലമായ ബെല്‍ജിയത്തെ വീട്ടില്‍ വച്ച് വേദന കടിച്ചമര്‍ത്തിയ ആ ജീവിതത്തിന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വീല്‍ചെയറിന് എന്നെന്നേക്കുമായി വിട പറഞ്ഞ് പാരാലിമ്പിക് ചാമ്പ്യന്‍ മരീകെ വെര്‍വൂട്ട് ദയവധത്തിന് കീഴടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2012ലാണ് മരീകെ പാരാലിമ്പിക്‌സില്‍ വീല്‍ചെയറിലിരുന്ന് സ്വര്‍ണം നേടുന്നത്. പിന്നീട് റിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡലുകളും കരസ്തമാക്കി.

ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ലാത്ത, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന തന്റെ അസുഖത്തെക്കുറിച്ച് റിയോ വേദിയില്‍ ഒരു അഭിമുഖത്തിനിടെ മരീകെ വെളിപ്പെടുത്തിയിരുന്നു. സുഷുമ്‌ന നാഡിയെ ബാധിച്ച ആപൂര്‍വ അസുഖമായിരുന്നു മരീകെക്ക്.

പത്തുമിനുട്ടുമാത്രം ഉറക്കമുള്ള രാത്രികളെക്കുറിച്ചും കടുത്ത വേദനതിന്നുന്ന പകലുകളെക്കുറിച്ചും മരീകെ അഭിമുഖത്തില്‍ വിവരിച്ചു. ട്രാക്ക് മാത്രമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നായിരുന്നെ മരീകെ അന്ന് പറഞ്ഞത്.

‘എന്റെ ശരീരത്തിന് ഇതെല്ലാം കഠിനമാണ്. ഓരോ പരിശീലനവും എന്നെ സംബന്ധിച്ചിടത്തോളം വേദനയുടെ ഓരോ കയങ്ങളാണ്. ഓരോ മത്സരത്തിലും ഞാന്‍ കൂടുതല്‍ കൂടുതല്‍ മുന്നേറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പരിശീലനവും കുതിപ്പും മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമാണ് എനിക്ക് മരുന്ന്. ഞാന്‍ എന്നെ കഠിന പരിശീലനങ്ങളിലേക്ക് തള്ളിവിട്ടു. എന്റെ ഭയങ്ങളെയും മറ്റെല്ലാത്തിനെയും വിരട്ടിയോടിക്കാനായിരുന്നു ആ തള്ളിവിടലുകളൊക്കെയും’, 2016ല്‍ നല്‍കിയ അഭിമുഖത്തില്‍ മരീകെ പറഞ്ഞു.

ബെല്‍ജിയത്തില്‍ നിയമവിധേയമായ ദയാവധത്തിന്റെ കരുത്തുറ്റ വക്താവായിരുന്നു മരീകെ വെര്‍വൂട്ട്. ‘കടുത്ത പരിശീലനങ്ങളിലൂടെ കടന്നുപോകുന്നതുപോലെത്തന്നെ എന്റെ ജീവിതത്തിന്റെ നിയന്ത്രണം എന്റെ കയ്യില്‍തന്നെയായിരിക്കണം’, ദയാവധത്തെ പിന്തുണച്ച് അവര്‍ പറയുന്നതിങ്ങനെ.

‘എനിക്ക് ശരിക്കും പേടിയാണ്. പക്ഷേ, ദയാവധത്തിന്റെ ആ പേപ്പറുകള്‍ എന്റെ മനസിന് സമാധാനം നല്‍കുന്നുണ്ട്. കാരണം, എനിക്കറിയാം എപ്പോഴാണ് എനിക്കിത് മതിയാവുക എന്ന്. ഈ പേപ്പറുകള്‍ എന്റെ കൂടെയുണ്ടല്ലോ. ഈ പേപ്പറുകളില്ലെങ്കില്‍ ഞാനെന്നേ ആത്മഹത്യ ചെയ്‌തേനെ’, മരണത്തെക്കുറിച്ച് മരീകെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more