വിവാദ പ്രസംഗം: പേരോട് അബ്ദുറഹ്മാന്‍ സഖാഫിയ്‌ക്കെതിരെ നാലുവയസ്സുകാരിയുടെ പിതാവ് പരാതി നല്‍കി
Daily News
വിവാദ പ്രസംഗം: പേരോട് അബ്ദുറഹ്മാന്‍ സഖാഫിയ്‌ക്കെതിരെ നാലുവയസ്സുകാരിയുടെ പിതാവ് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2014, 3:30 pm

perod2നാദാപുരം: നാദാപുരത്ത് നാലുവസയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. വടകര റൂറല്‍ എസ്.പിയ്ക്കാണ് പരാതി നല്‍കിയത്.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്. പലഭാഗത്തും തന്നെയും കുടുംബത്തെയും പെണ്‍കുട്ടിയെയും അപമാനിക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തി. അപമാനം കാരണം തനിക്ക് കുടുംബത്തിനും ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പിതാവ് പരാതിയില്‍ പറയുന്നു.

പ്രമുഖ മതപണ്ഡിതന്‍ കൂടിയായ അബ്ദുറഹ്മാന്‍ സഖാഫിയുടെ പെണ്‍കുട്ടിയേയും കുടുംബത്തേയും അവഹേളിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രസംഗവും വിവാദമായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ന്യയീകരിക്കുകയാണ് സഖാഫി ചെയ്തത്.അതിനിടെ പീഡനത്തിനരയായ പെണ്‍കുട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയകളിലടക്കം വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടിയുടെ മാതാവ് അറിഞ്ഞ കാര്യം സഖാഫിയുടെ വാക്കുകളില്‍ ഇങ്ങനെയാണ് … “ഈ കുട്ടി ബലൂണിങ്ങനെ ഊതി വീര്‍പ്പിച്ച് , ബലൂണ്‍ ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ച് കളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത്… എന്താ ഇവിടെ സംഭവിച്ചത്, നിനക്കെന്താ പറ്റിയതെന്ന്. അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്നാണ് ഉമ്മയുടെ വിശദീകരണം. ”

ഇത്രയും പറഞ്ഞ് നിര്‍ത്തി സഖാഫിയുടെ ചോദ്യം ഇങ്ങനെ -“ഈ കുട്ടിക്ക് ഈക്കളിയൊക്കെ കഴിഞ്ഞിട്ട് പിന്നേയും ഒരു ബലൂണുകൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കമനസ്സിലാവുന്നില്ല” ഇതു കഴിഞ്ഞ് സഖാഫി പരിഹസിച്ച് ചിരിക്കുകയും ചെയ്യുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

പേരോട് നമുക്ക് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു

സ്‌കൂള്‍ അധികൃതര്‍ തെളിവ് നശിപ്പിക്കാനാണ് ആദ്യം മുതലേ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. കാര്യം പുറത്തുപറയാതിരിക്കാന്‍ നമുക്ക് വേണ്ടത് ചെയ്യാമെന്ന് ഖത്തറിലുള്ള സമയത്ത് തന്നെ പേരോട് വിളിച്ചു പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പീഡനത്തിനിരയായ പെണ്‍കുട്ടി ക്ലാസിലിരുന്ന കരഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളെ അറിയിച്ചിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ ഡെറ്റോള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കുളിപ്പിച്ചു. ശരീരത്തില്‍ മുറിവ് പറ്റിയതിനെക്കുറിച്ച് വീട്ടില്‍ നിന്നും ചോദിച്ചാല്‍ കമ്പ് തട്ടിയതാണെന്ന് പറയാനും പറഞ്ഞെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.