ന്യൂദല്‍ഹി: ആഗോള തലത്തില്‍ നികുതിവെട്ടിപ്പിന്റെ വന്‍ വിവരങ്ങളുമായി പുറത്തുവന്ന പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നത് രാജ്യത്തെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും. മുന്‍ കേന്ദ്ര മന്ത്രിയും മലയാളിയുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ കമ്പനിയും കള്ളപ്പണക്കാരുടെ പട്ടികയിലുണ്ട്.
സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിലുളള രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതിയില്‍ ഉള്‍പ്പെട്ട “ഗ്ലോബല്‍ മെഡിക്കല്‍ റെസ്‌പോണ്‍സ്” എന്ന കമ്പനിയാണ് മൗറീഷ്യസില്‍ ആപ്പിള്‍ബൈ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്നലെയാണ് ആഗോള തലത്തില്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ) പുറത്ത വിട്ടിരുന്നത്.
പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 13. 4 മില്യണ്‍ (13.4 ദശലക്ഷം) രേഖകളാണുളളത്. പനമ പേപ്പര്‍ വെളിപ്പെടുത്തലിന് 18 മാസത്തിന് ശേഷമാണ് ലോകത്തെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയുമായി ഐ.സി.ഐ.ജെ വീണ്ടും രംഗത്തെത്തിയത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്.
പുറത്തുവന്ന രേഖകളില്‍ കൂടുതലും ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതായിരുന്നു. വയലാര്‍ രവിയുടെ മകന്‍ ഡയറക്ടറായ ഗ്ലോബല്‍ മെഡിക്കല്‍ റെസ്‌പോണ്‍സ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാര്‍ച്ച് 26നാണ് ” ഹൈ റിസ്‌ക് പ്രൊഫൈല്‍”” എന്നു ക്ലാസിഫൈ ചെയ്ത് ആപ്പിള്‍ബൈ മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
നേരത്തെ റാഡെക് എക്‌സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്ന ഈ കമ്പനി, അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുളള ഇന്ത്യന്‍ സ്ഥാപനമായ (Ziqitza) സിക്വിറ്റ്‌സാ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
പല പ്രമുഖ രാഷ്ട്രീയക്കാരുടെ പേര് എടുത്തു പറയുന്ന ഈ പരാതി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയ ഉടനെ 2014 ലാണ് ആദ്യം രാജസ്ഥാന്‍ പൊലീസ് ഫയല്‍ ചെയ്തത്. പിന്നീട് 2015ല്‍ ഇത് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരുടെ പേരുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇതില്‍ രവി കൃഷ്ണ കമ്പനിയുടെ സ്ഥാപകരിലൊരാളുമാണ്.
മാര്‍ച്ച് 31, 2016 അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം രവി കൃഷ്ണയെയും മറ്റുളളവരെപോലെ ഓഹരി ഉടമയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിക്വിറ്റ്‌സാ കമ്പനിയുടെ 12 കോടി വിലമതിക്കുന്ന വസ്തുവഹകള്‍ എന്‍ഫോഴ്‌സ്‌മെന്ര് ഡയറ്ക്ടറേറ്റ് ഈ വര്‍ഷം കണ്ടുകെട്ടിയിരുന്നു. 2010 മുതല്‍ 2013 വരെയുളള കാലയളവില്‍ കമ്പനി നിയമവിരുദ്ധമായി 23 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന സി.ബി.ഐയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
പാരഡൈസ് പേപ്പേഴ്‌സ് പ്രകാരം ആപ്പിള്‍ബൈയുടെ രണ്ടാമത്തെ വലിയ ഇടപാടുകാരന്‍ ഇന്ത്യന്‍ കമ്പനിയാണ്. നന്ദ ലാല്‍ ഖേംകയുടെ സണ്‍ ഗ്രൂപ്പാണ് ആഗോളതലത്തില്‍ തന്നെ രണ്ടാമതായുള്ളത്. 118 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പേരിലുള്ളത്.
സണ്‍ ടി.വി, എസ്സാര്‍- ലൂപ്, എസ്.എന്‍.സി ലാവ്ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എം.ജി.എഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകളും പുറത്തുവന്ന രേഖകളിലുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്ക് പുറമേ പല വ്യക്തികളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ ദില്‍നാശിന്‍ തുടങ്ങിയവരുടെ പേരും ഇതില്‍പ്പെടുന്നുണ്ട്.
ബ.ജെ.പി നേതാക്കളുടെ പേരുകളും കള്ളപ്പണക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. 2014 മുതല്‍ 2016 വരെ കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹ. രാജ്യസഭാ എം.പി ആര്‍.കെ സിന്‍ഹ തുടങ്ങിയവരാണ് പാരഡൈസ് പേപ്പേഴ്‌സിലെ ബി.ജെ.പി പ്രാതിനിധ്യം.