ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് അത്യന്തം അപകടകരമെന്ന് പഠനം
Health
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് അത്യന്തം അപകടകരമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2018, 6:08 pm

വാഷിങ്ടണ്‍: ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കാലഘട്ടമാണ്. ഗര്‍ഭകാലത്ത് ഒരാള്‍ കഴിക്കുന്നതൊക്കെയും ഉള്ളില്‍ വളരുന്ന കുഞ്ഞിനും കൂടിയുള്ളതാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ ആയിരിക്കണം ഗര്‍ഭിണികള്‍ മരുന്നുകളും ആഹാരവും കഴിക്കേണ്ടത്.

പനി,തലവേദന തുടങ്ങിയ അസുഖങ്ങള്‍ക്കായി ഗര്‍ഭിണികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നവയാണ് പാരസെറ്റമോള്‍ അല്ലെങ്കില്‍ അസറ്റമിനോഫെന്‍ പോലെയുള്ള വേദന സംഹാരികള്‍. ഗര്‍ഭകാലത്ത് ഇത്തരം വേദന സംഹാരികള്‍ കഴിക്കുന്നത് വളരെയധികം അപകടം പിടിച്ചതാണെന്നും ഇവ ഉപയോഗിക്കുന്നതിനു മുമ്പായി ഗര്‍ഭിണികള്‍ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളെ ഇവരില്‍ ഉണ്ടാകുകയുള്ളൂവെന്നും ഇത് ഇവരുടെ സന്താനോല്‍പാദനത്തെ സാരമായിത്തന്നെ ബാധിക്കുമെന്നും ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പഠനത്തിനു നേതൃത്വം നല്‍കിയ കോപ്പന്‍ ഹേഗന്‍ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡേവിഡ് ക്രിസ്റ്റണ്‍സണും സഹപ്രവര്‍ത്തകരും മനുഷ്യനോട് സമാനമായ ആന്തരികഘടനയുള്ള എലികളില്‍ മൂന്ന് വ്യത്യസ്തമയ പഠനങ്ങള്‍ നടത്തുകയായിരുന്നു. ഒരു ഗര്‍ഭിണിയായ സ്ത്രീ കഴിക്കുന്ന അതേ അളവില്‍ പാരസെ്‌ററമോള്‍ നല്‍കിയ എലികള്‍ പ്രസവിച്ചത് കുറഞ്ഞ പ്രതുല്‍പാദന ശേഷിയുള്ള പെണ്‍ കുഞ്ഞുങ്ങളെ ആയിരുന്നുവെന്ന് ഡേവിഡ് ക്രിസ്റ്റണ്‍സണ്‍ പറയുന്നു.

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.