ന്യൂദല്‍ഹി: നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെ രഹസ്യമായി വനിതാ നീന്തല്‍ത്താരങ്ങളുടെ വിഡിയോ പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന പുരസ്‌കാര ജേതാവായ പാരാ നീന്തല്‍താരം പ്രശാന്ത കര്‍മാകറിനു സസ്‌പെന്‍ഷന്‍. പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയാണു (പി.സി.ഐ) പ്രശാന്ത്
കര്‍മാകറിനു വിലക്കേര്‍പ്പെടുത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
2017 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ ജയ്പുരില്‍ നടന്ന ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനാലാണ് നടപടിയെടുക്കുന്നതെന്നു പി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു.
തന്റെ സഹായികളിലൊരാള്‍ക്ക് ക്യാമറ നല്‍കി വനിതാ നീന്തല്‍ താരങ്ങളുടെ വിഡിയോ പകര്‍ത്താന്‍ കര്‍മാകര്‍ നിര്‍ദ്ദേശിച്ചെന്നാണ് ആരോപണം.
പി.സി.ഐ നടത്തിയ തെളിവെടുപ്പില്‍ കര്‍മാകറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിഡിയോ ചിത്രീകരിച്ചതെന്ന് സഹായി വെളിപ്പെടുത്തിയിരുന്നു.
നീന്തല്‍ താരങ്ങളുടെ മാതാപിതാക്കള്‍ ഇടപെട്ടതോടെ സഹായി ചിത്രീകരണം നിര്‍ത്തിയെങ്കിലും പിന്നീട് കര്‍മാകര്‍ നേരിട്ട് വിഡിയോ പകര്‍ത്തിയതായും പരാതിയുണ്ട്. ഇതിനെതിരെ താരങ്ങളും മാതാപിതാക്കളും പ്രതികരിച്ചെങ്കിലും കര്‍മാക്കര്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ചെന്നും ആരോപണമുണ്ടായിരുന്നു.
ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ലോക പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും മെഡല്‍ സ്വന്തമാക്കുകയും ചെയ്ത ആദ്യ നീന്തല്‍ത്താരമാണു കര്‍മാകര്‍.
അര്‍ജുന അവാര്‍ഡിനു പുറമെ മേജര്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് (2015), ഭീം അവാര്‍ഡ് (2014), 2009ലും 2011ലും മികച്ച നീന്തല്‍ത്താരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.