ഭോപ്പാല്‍: കുടുംബം പുലര്‍ത്താന്‍ തെരുവില്‍ ഭിക്ഷയെടുത്ത് കായികതാരം. സംസ്ഥാന-ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയ പാരാകായികതാരമായ മന്‍മോഹന്‍ സിംഗ് ലോധിയാണ് കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുത്തത്.
മധ്യപ്രദേശിലെ നര്‍സിങ്പുര്‍ ജില്ലയിലെ കന്ദ്രാപുര്‍ സ്വദേശിയാണ് മന്‍മോഹന്‍ സിംഗ് ലോധി. നിരവധി നേട്ടങ്ങള്‍ കൊയ്ത ഇദ്ദേഹത്തിന് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മന്‍മോഹന്‍ തെരുവില്‍ ഭിക്ഷയെടുത്തത്. 2017ലെ ദേശീയ ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ മന്‍മോഹന്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. മാത്രമല്ല സംസ്ഥാന തലത്തിലും നിരവധി മത്സരങ്ങളില്‍ വിജയിയായിരുന്നു.
Read: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ നേതാവ്
ദേശീയ ഗെയിംസിലെ നേട്ടത്തിനു പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മന്‍മോഹന് ജോലി വാഗ്ദാനം ചെയ്തത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കാണാന്‍ സാധിച്ചു എന്നല്ലാതെ പിന്നീട് സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്‍മോഹന്‍ പറയുന്നു.
“മൂന്ന് തവണ ഞാന്‍ മുഖ്യമന്ത്രിയെ കണ്ടു, അദ്ദേഹം വാഗ്ദാനങ്ങള്‍ പലതും തന്നു, എന്നാല്‍ അവയൊന്നും തന്നെ നിറവേറ്റിയില്ല. സാമ്പത്തികമായി ഞാനിപ്പോള്‍ വളരെ മോശം അവസ്ഥയിലാണ്. എന്റെ കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ എനിക്ക് പണം വേണം. ഇനിയും മുഖ്യമന്ത്രി സഹായിച്ചില്ലെങ്കില്‍ ഞാന്‍ ഭിക്ഷാടനം തന്നെ തുടരും”. മന്‍മോഹന്‍ വ്യക്തമാക്കി