|

വ്യാജ വാർത്തകളും അശ്ലീലവും കുറയ്ക്കാനെന്ന വാദം; ഒറ്റ രാത്രി കൊണ്ട് ഫേസ്ബുക്ക് നിരോധിച്ച് പാപുവ ന്യൂ ഗിനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോർട്ട് മാരെസ്ബീ: വിദ്വേഷ പ്രസംഗവും വ്യാജ വാർത്തകളും അശ്ലീലസാഹിത്യവും നിയന്ത്രിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്ബുക്ക് നിരോധിച്ച് പാപുവ ന്യൂ ഗിനിയ. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ നീക്കത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അവർ വിമർശിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനല്ല, മറിച്ച് ദോഷകരമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വാദിച്ചുകൊണ്ട് പൊലീസ് മന്ത്രി പീറ്റർ സിയാമലിലി ജൂനിയർ തീരുമാനത്തെ ന്യായീകരിച്ചു. എന്നാൽ രാജ്യത്തിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി റെഗുലേറ്ററായ നാഷണൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അതോറിറ്റി പോലുള്ള പ്രധാന സർക്കാർ ഏജൻസികളുമായി കൂടിയാലോചിക്കാതെയാണ് പെട്ടെന്നുള്ള നിരോധനം നടപ്പിലാക്കിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

പാപുവ ന്യൂ ഗിനിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. വ്യാപാരത്തിനായി ഫേസ്ബുക്കിനെ ആശ്രയിക്കുന്ന നിരവധി ചെറുകിട ബിസിനസുകൾ ഉൾപ്പെടെ ഏകദേശം 1.3 ദശലക്ഷം ഫേസ്ബുക് ഉപയോക്താക്കളുണ്ട് അവിടെ.

രാജ്യത്തെ പത്രസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് വിമർശനം ഉയരുന്നുണ്ട്.

രാഷ്ട്രീയ സ്വേച്ഛാധിപത്യമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പാപുവ ന്യൂ ഗിനിയയിലെ മീഡിയ കൗൺസിൽ പ്രസിഡന്റ് നെവിൽ ചോയി പറഞ്ഞു. ‘രാജ്യത്തെ സ്വേച്ഛാധിപത്യവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്,’ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ എം.പി അലൻ ബേർഡും തന്റെ ആശങ്കകൾ പങ്കുവെച്ചു. വ്യക്തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിലെ ആദ്യപടി മാത്രമാണ് ഈ നിയന്ത്രണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതുതായി പാസാക്കിയ, ഓൺലൈൻ ആശയവിനിമയങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാരിന് വിപുലമായ അധികാരങ്ങൾ നൽകുന്ന ഭീകരവിരുദ്ധ നിയമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Content Highlight: Papua New Guinea has blocked Facebook