നിരോധിച്ച സിറപ്പ് ഉപയോഗിച്ചതിന് അര്‍ജന്റീനന്‍ താരമായ പപ്പു ഗോമസിനെ ഫുട്‌ബോളില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
ഇതിന് പിന്നാലെ പപ്പു ഗോമസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയുടെ പരിശീലകനായ ജോസേ മൗറീഞ്ഞോ.
കഴിഞ്ഞദിവസം സീരി എയില്‍ നടന്ന മത്സരത്തില്‍ മോണ്‍സയ്‌ക്കെതിരെ 1-0ത്തിന് റോമ വിജയിച്ചിരുന്നു. ഈ മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസ്സിലായിരുന്നു മൗറീഞ്ഞോ ഗോമസിനെ പരിഹസിച്ചത്.
‘ഗോമസ് യൂറോപ്പ ലീഗ് ഫൈനലില്‍ കളിച്ചിട്ടില്ല. യുവന്റസിനെതിരെ അവന്‍ നല്ല നിയന്ത്രണത്തോടെയാണ് കളിച്ചതെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഉപയോഗിച്ച സിറപ്പ് എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഉപയോഗിച്ചാല്‍ ഞാനും കുഴപ്പത്തിലാവും,’ മൗറീഞ്ഞോ പ്രസ്സിനോട് പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പിന് മുമ്പായിരുന്നു പപ്പു ഗോമസ് നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചത്. സെവിയ്യയുടെ പരിശീലന സെക്ഷനിടെ അസുഖം ബാധിച്ച താരം ഉറക്കം ലഭിക്കാനായി ടീം മെഡിക്കല്‍ സ്റ്റാഫുകളുമായി കൂടിയാലോചിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് നല്‍കുന്ന സിറപ്പ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.
2014 മുതല്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റക്കൊപ്പം കളിച്ച പപ്പു ഗോമസ് 252 മത്സരങ്ങളില്‍ നിന്നും 59 ഗോളുകള്‍ നേടിയിട്ടുണ്ട്. തുടര്‍ന്ന് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് ചേക്കേറുകയായിരുന്നു ഗോമസ്. നിലവില്‍ പപ്പു ഗോമസ് ഇറ്റാലിയന്‍ ക്ലബ്ബ് മോണ്‍സയുടെ താരമാണ്.
അര്‍ജെന്റിന കോപ്പ അമേരിക്കയും ലോകകിരീടവും നേടുമ്പോഴുള്ള ടീമിലെ അംഗമായിരുന്നു പപ്പു ഗോമസ്.
Content Highlight: Papu Gomez mocked by Jose Mourinho after two year ban for doping.