|

ലോകകപ്പില്‍ ബ്രസീല്‍ പുറത്തായപ്പോള്‍ ഞങ്ങള്‍ വിജയിച്ചവരെ പോലെ തുള്ളിച്ചാടി: പപ്പു ഗോമസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായ ടീമുകളായിരുന്നു ബ്രസീലും അര്‍ജന്റീനയും. ബ്രസീല്‍ ഖത്തറില്‍ ആറാം വിശ്വകിരീടം ഉയര്‍ത്തുമെന്ന് പലരും പ്രവചിച്ചിരുന്നെങ്കിലും അപ്രതീക്ഷിത തോല്‍വിയോടെ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. അന്നേ ദിവസം തന്നെ അര്‍ജന്റീന നെതര്‍ലാന്റ്സിനെതിരെയുള്ള കടുത്ത വെല്ലുവിളി അതിജീവിച്ചുകൊണ്ട് സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

ബ്രസീലിന്റെ തോല്‍വിയെ എങ്ങനെയായിരുന്നു ഉള്‍ക്കൊണ്ടിരുന്നതെന്ന് അര്‍ജന്റൈന്‍ താരം പപ്പു ഗോമസ് പറഞ്ഞത് ശ്രദ്ധനേടുകയാണിപ്പോള്‍. ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടുകൊണ്ട് പുറത്തായപ്പോള്‍ ടീം അര്‍ജന്റീന തങ്ങള്‍ വിജയിച്ചതുപോലെ തുള്ളിച്ചാടുകായിരുന്നെന്നും കിരീടം അര്‍ജന്റീനയിലേക്ക് കൊണ്ടു പോകാമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡിസ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് പപ്പു ഗോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞങ്ങള്‍ ഹോളണ്ടിനെതിരെ കളിക്കാന്‍ പോകുന്നതിന്റെ മുമ്പായിരുന്നു ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ബ്രസീല്‍ പുറത്തായി കഴിഞ്ഞാല്‍ ലോകകപ്പ് ഞങ്ങള്‍ക്ക് നേടാന്‍ കഴിയും എന്നുള്ളത് ഞങ്ങള്‍ എല്ലാവരും ഉറപ്പിച്ചിരുന്നു.

അതേക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായപ്പോള്‍ ഞങ്ങള്‍ വിജയിച്ചവരെ പോലെ തുള്ളിച്ചാടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും കാര്യങ്ങള്‍ അര്‍ജന്റീനയുടെ ആഗ്രഹം പോലെ നടക്കുകയായിരുന്നു. ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയപ്പോള്‍ സമാനരീതിയിലായിരുന്നു ഡച്ചുകാരെ അര്‍ജന്റീന കീഴ്പ്പെടുത്തിയത്.

ബ്രസീല്‍ പരാജയപ്പെട്ട ക്രൊയേഷ്യയോട് തകര്‍പ്പന്‍ വിജയം നേടിയ അര്‍ജന്റീന ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴ്പ്പെടുത്തി ഖത്തറില്‍ വിശ്വകിരീടമുയര്‍ത്തുകയും ചെയ്തു.

Content Highlights: Papu Gomez about the match of team Brazil in Qatar World Cup

Latest Stories