2022 ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യത കല്‍പിച്ചവരില്‍ പ്രധാനികളായിരുന്നു ബ്രസീല്‍. 2002ന് ശേഷം രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരാധകരുടെ വല്യേട്ടന്‍ തിയാഗോ സില്‍വയും ആറാം കിരീടം റിയോയുടെ മണ്ണിലെത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി. നിശ്ചിത സമയത്ത് ഇരു ടീം ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷം നെയ്മറിലൂടെ ബ്രസീല്‍ ലീഡ് നേടിയെങ്കിലും കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പെട്രോവിച്ചിലൂടെ ക്രൊയേഷ്യ ഇക്വലൈസര്‍ ഗോള്‍ നേടി.
മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയും ടിറ്റെയുടെ കുട്ടികള്‍ 4-2ന് പരാജയപ്പെട്ട് പുറത്താവുകയുമായിരുന്നു.
ബ്രസീലിന്റെ തോല്‍വിയെ എങ്ങനെയായിരുന്നു ഉള്‍ക്കൊണ്ടു എന്ന് പറയുകയാണ് അര്‍ജന്റൈന്‍ താരം പപ്പു ഗോമസ്. നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് ഗോമസ് ഇക്കാര്യം പറഞ്ഞത്.
ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടുകൊണ്ട് പുറത്തായപ്പോള്‍ ടീം അര്‍ജന്റീന തങ്ങള്‍ വിജയിച്ചതുപോലെ തുള്ളിച്ചാടുകായിരുന്നെന്നും കിരീടം അര്‍ജന്റീനയിലേക്ക് കൊണ്ടു പോകാമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പപ്പു ഗോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞങ്ങള്‍ ഹോളണ്ടിനെതിരെ കളിക്കാന്‍ പോകുന്നതിന്റെ മുമ്പായിരുന്നു ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ബ്രസീല്‍ പുറത്തായി കഴിഞ്ഞാല്‍ ലോകകപ്പ് ഞങ്ങള്‍ക്ക് നേടാന്‍ കഴിയും എന്നുള്ളത് ഞങ്ങള്‍ എല്ലാവരും ഉറപ്പിച്ചിരുന്നു.
അതേക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായപ്പോള്‍ ഞങ്ങള്‍ വിജയിച്ചവരെ പോലെ തുള്ളിച്ചാടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഹോളണ്ടിനെതിരെ നടന്ന അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും പെനാല്‍ട്ടി ഷൂട്ടൗട്ട് തന്നെയാണ് വിധിയെഴുതിയത്. നിശ്ചിത സമയത്ത് മൊലിനയും പെനാല്‍ട്ടിയിലൂടെ മെസിയും അര്‍ജന്റീനക്കായി വലകുലുക്കി.
വൂട്ട് വോര്‍ഗോസ്റ്റായിരുന്നു നെതര്‍ലന്‍ഡ്‌സിനായി ഇരട്ട ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം 83ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ ഡച്ച് ആര്‍മി 90+11ാം മിനിട്ടില്‍ ഈക്വലൈസര്‍ ഗോളും കണ്ടെത്തി.
ഇതോടെ പെനാല്‍ട്ടിലിയേക്ക് നീണ്ട മത്സരത്തില്‍ 3-4ന് മെസിയും സംഘവും വിജയിച്ചുകയറി.
സെമിയില്‍ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച് ഫൈനലിന് യോഗ്യത നേടിയ അര്‍ജന്റീന ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടിലും തകര്‍ക്കുകയായിരുന്നു.
Content highlight: Papu Gomez about Brazil’s 2022 World Cup loss