'റീ നീറ്റ്' ടി-ഷര്‍ട്ട് ധരിച്ചെത്തി പപ്പു യാദവ്; സത്യപ്രതിജ്ഞയില്‍ ഭീം-ഭരണഘടന സിന്ദാബാദ് മുദ്രാവാക്യങ്ങളും
national news
'റീ നീറ്റ്' ടി-ഷര്‍ട്ട് ധരിച്ചെത്തി പപ്പു യാദവ്; സത്യപ്രതിജ്ഞയില്‍ ഭീം-ഭരണഘടന സിന്ദാബാദ് മുദ്രാവാക്യങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 8:55 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ‘റീ നീറ്റ്’ ഹാഷ്ടാഗോടുകൂടിയ ടി-ഷര്‍ട്ട് ധരിച്ചെത്തി ബീഹാറിലെ പുര്‍നിയയില്‍ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബീഹാറിന് സ്വതന്ത്ര പദവി, ഭീം സിന്ദാബാദ്, സീമാന്‍ച്ചാല്‍ സിന്ദാബാദ്, മാനവ്താബാദ് സിന്ദാബാദ്, സംവിധാന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളും അദ്ദേഹം ഉയര്‍ത്തി. പുര്‍നിയക്കും ബീഹാരികള്‍ക്കും സലാം പറഞ്ഞാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്.

നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്, പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യമാണ് പാര്‍ലമെന്റില്‍ പപ്പു യാദവ് മുന്നോട്ടുവെച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പപ്പു യാദവ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ കേന്ദ്ര മന്ത്രിമാരടക്കമുള്ള ബി.ജെ.പി എം.പിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രോടൈം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. പ്രതിഷേധത്തില്‍, താന്‍ നാല് തവണ സ്വതന്ത്ര എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്ന് ഭരണകക്ഷികള്‍ക്ക് പപ്പു യാദവ് മറുപടി നല്‍കി.

ജെ.ഡി.യുവിന്റെ സന്തോഷ് കുമാറിനെയും ആര്‍.ജെ.ഡിയുടെ ഭീമ ഭാരതിയെയും പരാജയപ്പെടുത്തിയാണ് പപ്പു യാദവ് ലോക്‌സഭയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കിലും ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് ധാരണയില്‍ പുര്‍നിയ ആര്‍.ജെ.ഡി.ക്ക് നല്‍കുകയായിരുന്നു. ഇതോടെയാണ് പുര്‍നിയ മണ്ഡലത്തില്‍ നിന്ന് പപ്പു യാദവ് സ്വതന്ത്രനായി മത്സരിച്ചത്.

അതേസമയം സത്യപ്രതിജ്ഞക്കിടെ എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ‘ജയ് ഭീം, ജയ് മീം, ജയ് ഫലസ്തീന്‍, ജയ് തെലങ്കാന, അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇതിനെതിരെ ഭരണകക്ഷികള്‍ പ്രതിഷേധിക്കുകയുമുണ്ടായി.

ഡി.എം.കെ എം.പി ദയാനിധി മാരന്‍ സത്യപ്രതിജ്ഞക്കിടെ നീറ്റിനെതിരെയും പ്രതിഷേധിച്ചു. വേണ്ടാം നീറ്റ്, ബാന്‍ നീറ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ദയാനിധി മാരന്‍ തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

Content Highlight: pappu yadav wears a t-shirt with the words reneet on he takes oath