| Wednesday, 5th February 2014, 10:28 am

കുടുംബവഴക്ക് പുറത്താവുന്നു: വിഷ ചികിത്സാ സൊസൈറ്റിയില്‍ നിന്ന് നികേഷ് കുമാറും ഇ. കുഞ്ഞിരാമനും പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: പാപ്പിനിശ്ശേരി വിഷചികിത്സാ സൈാസൈറ്റി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടുംബവഴക്ക് മൂര്‍ച്ഛിക്കുന്നു.

എം.വി.രാഘവന്റെ മൂത്ത മകന്‍ എം.വി. ഗിരീഷ് കുമാര്‍ ആക്ടിങ് അധ്യക്ഷനായ സൊസൈറ്റി ഭരണസമിതി,  സഹോദരനായ എം.വി നികേഷ് കുമാര്‍, സഹോദരീ ഭര്‍ത്താവ് പ്രഫ. ഇ. കുഞ്ഞിരാമന്‍, സഹോദരിയുടെ മകന്‍ കിരണ്‍, രാഘവന്റെ സഹോദരന്‍ എം.വി. കണ്ണന്‍ എന്നിവരെ പുറത്താക്കി.

തുടര്‍ച്ചയായി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വരാത്തതിന്റെ പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് എം.വി ഗീരീഷ് കുമാര്‍ വ്യക്തമാക്കി.

ജനുവരി 14ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആദ്യം തീരുമാനിച്ചത്. 25ന് ചേര്‍ന്ന ജനറല്‍ ബോഡി ഇത് അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കമ്മിറ്റയില്‍ നിന്നും നാലുപേരെ ഒഴിവാക്കിയപ്പോള്‍ പകരം തിരഞ്ഞെടുക്കപ്പെട്ടവരും രാഘവന്റെ ബന്ധുക്കള്‍ തന്നെയാണ്.

രാഘവന്റെ ഭാര്യാസഹോദരന്‍ സി.വി.രവീന്ദ്രന്‍, മൂത്ത സഹോദരി ലക്ഷ്മിക്കുട്ടിയുടെ മകന്‍ എം.വി. പ്രകാശന്‍ എന്നിവരെയാണ് പുതുതായി തെരഞ്ഞെടുത്തത്.

ഗിരീഷ് കുമാറിന്റെ സുഹൃത്തായ പി. ശിവദാസനെയാണ് മൂന്നാമതായി ഉള്‍പ്പെടുത്തിയത്. നാലാമനെ തീരുമാനിച്ചിട്ടില്ല.

ഇതോടെ, 12 അംഗ ഭരണസമിതിയില്‍ പാട്യം രാജന്‍, സി.എ. അജീര്‍, കെ.കെ.നാണു എന്നിവര്‍ മാത്രമേ സി.എം.പി നേതാക്കളായി ഉള്ളൂ.

ഇവരില്‍ സി.എ അജീര്‍ സി.പി. ജോണ്‍ ഗ്രൂപ്പിലും പാട്യം രാജന്‍ അരവിന്ദാക്ഷന്‍ ഗ്രൂപ്പിലുമാണ്.

മെഡിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷിക പരിശോധന നടക്കാനിരിക്കെ രണ്ടാഴ്ച മുമ്പ് കുഞ്ഞിരാമന്‍ മെഡിക്കല്‍ കോളജ് ഓഫിസില്‍ നിന്ന് ചില രേഖകള്‍ കൈവശപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച കൗണ്‍സില്‍ പരിശോധന നടത്തിയ ശേഷമാണ് ഇപ്പോള്‍ കുഞ്ഞിരാമനെ പുറത്താക്കിയിരിക്കുന്നത്.

അതേസമയം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് നികേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നാണ് സൂചന.

അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ചുമതല ഏറ്റെടുത്തതെന്നും പഴയതൊന്നും താനിപ്പോള്‍ പറയുന്നില്ലെന്നും ഗിരീഷ് കുമാറും വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more