കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാപ്പിലിയോ ബുദ്ധ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്രാ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചേക്കും. ഡിസംബര്‍ 7ന് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പിലേറ്റ് ട്രൈബ്യൂണലാണ് പാപ്പിലോ ബുദ്ധ ഫെസ്റ്റിവല്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കാനനുമതി നല്‍കിയത്. []
ചെറിയ മാറ്റങ്ങളോടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കട്ട് ചെയ്യാനോ ഘടനയില്‍ വ്യത്യാസം വരുത്താനോ ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ട്രൈബ്യൂണലിന്റെ ഈ തീരുമാനം വെറും വാക്കാലുള്ളതാണെന്നും രേഖാമൂലമുള്ള തീരുമാനം ലഭിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ തിരുവനന്തപുരത്തുള്ള റീജിണല്‍ ഓഫീസുമായി ബന്ധപ്പെടുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഐ.എഫ്.എഫ്.കെ യില്‍ ചിത്രത്തിന്റെ സ്വകാര്യ പ്രദര്‍ശനം തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ പ്രകാശ് ബരെ പറഞ്ഞു. ചിത്രത്തില്‍ ഗാന്ധിജിയെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുമ്പ് തടഞ്ഞിട്ടുണ്ട്.
കഥയെ വികലമാക്കിയ പ്രധാനപ്പെട്ട 25 മാറ്റങ്ങളാണ് 12 അംഗങ്ങളുള്ള റിവ്യൂ കമ്മിറ്റി ചിത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഘടനയിലോ അതിനെ സ്വീകരിച്ച രീതിയിലോ കുഴപ്പങ്ങളൊന്നുമില്ലെന്നും പ്രതീകാത്മകമായ കാഴ്ചയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും ട്രൈബ്യൂണലിലെ മുതിര്‍ന്ന അഭിഭാഷകന്‍ ലാലിത് ഭാസിന്‍ പറഞ്ഞു.
ചിത്രത്തിലെ ഒരു സീനും പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടെന്നും എന്നാല്‍ ഗാന്ധിയെക്കുറിച്ച് പറയുന്ന സീനുകള്‍ മ്യൂട്ട് ചെയ്യാനും ഗാന്ധിയെ കത്തിക്കുന്ന ഭാഗങ്ങള്‍ മങ്ങിയ നിലയില്‍ കാണിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബരെ പറഞ്ഞു.