| Thursday, 27th June 2024, 2:07 pm

പേപ്പർ ചോർച്ച; കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികൾക്ക് കരാർ നൽകുന്നത് തുടർന്ന് ബി.ജെ.പി സർക്കാരുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ തുടർന്ന് കരിപ്പട്ടികയിൽ പെടുത്തിയ കമ്പനികൾക്ക് തന്നെ വീണ്ടും കരാറുകൾ നൽകി കേന്ദ്രം. കരിമ്പട്ടികയിൽ പെടുത്തിയ അഹമ്മദാബാദ് ആസ്ഥാനമായുള്ള പരീക്ഷാ നടത്തിപ്പ് കമ്പനിയായ എഡ്യൂടെസ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ബി.ജെ.പി സർക്കാരുകൾ ഇപ്പോഴും കരാർ നൽകുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

യു.പി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയുടെ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്‌.
ഈ കമ്പനി രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ പേപ്പർ ചോർച്ചയുടെയും റിക്രൂട്ട്‌മെൻ്റ് അഴിമതിയുടെയും ആരോപണങ്ങൾ നേരിടുന്നുണ്ടെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിന് ബി.ജെ.പി യുമായുള്ള ബന്ധവും പുറത്ത് വന്നിട്ടുണ്ട്.

കമ്പനിയുടെ സ്ഥാപകരിലൊരാളായ സുരേഷ്ചന്ദ്ര ആര്യ സർവദേശിക് ആര്യപ്രതിനിധി സഭ എന്ന ഒരു പ്രമുഖ ഹിന്ദു സംഘടനയുടെ പ്രസിഡൻ്റാണ്. ഇയാൾ മോദി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുത്തതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.

പല സംസ്ഥാന സർക്കാരുകളും ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രസർക്കാർ സ്ഥാപനവും പല സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാരുകളും ഈ കമ്പനിക്ക് പരീക്ഷകൾ നടത്തുന്നതിന് കരാർ നൽകുന്നത് നിർബാധം തുടരുകയാണ്.

മുമ്പും ഒന്നിലധികം പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് റിപോർട്ടുകൾ വന്നിരുന്നു . ഗുജറാത്തിലെ സർക്കാർ റിക്രൂട്ട്‌മെൻ്റുകളിൽ നടന്ന അഴിമതികളും ബി.ജെ.പി നേതാക്കളുടെ ഇടപെടലുകളെ കുറിച്ചുമുള്ള നിരവധി തെളിവുകൾ റിപോർട്ടുകൾ വെളിച്ചത്ത് കൊണ്ട് വന്നിരുന്നു.

ജൂൺ 20-ന് യു.പി സർക്കാർ എഡ്യൂടെസ്റ്റിനെ കരിമ്പട്ടികയിൽ പെടുത്തിയത് . ഫെബ്രുവരി 17, 18 തീയതികളിൽ 63,244 കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിനുള്ള പരീക്ഷയുടെ ചുമതല കമ്പനിക്ക് നൽകിയിരുന്നു. 43 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയുടെ പേപ്പർ ചോരുകയായിരുന്നു.

കഴിഞ്ഞ വർഷം ബീഹാർ സർക്കാരും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ ബീഹാർ നിരോധനം ഏർപ്പെടുത്തി ഒന്നരമാസത്തിനു ശേഷം സി.എസ്.ഐ.ആർ ഈ തസ്കികകളിലേക്കുള്ള റിക്രൂട്മെന്റിനുള്ള അപേക്ഷ പ്രക്രിയ ആരംഭിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് സി.എസ്.ഐ.ആറിൻ്റെ ചെയർമാൻ.

ഫെബ്രുവരി 5 നും 20 നും ഇടയിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്കിടെ തന്നെ, ഉദ്യോഗാർത്ഥികൾ വലിയ തോതിലുള്ള കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. പരീക്ഷയിൽ നടന്ന ക്രമക്കേടിനെ കുറിച്ച് പൊലീസ് അന്വേഷിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷയിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സി.എസ്.ഐ.ആർ അവകാശപെടുകയായിരുന്നു.

Also Read:സിനിമക്ക് ശേഷം ഇമോഷണലായി മെസേജയച്ചു; മറുപടി കണ്ട് ഇയാളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി: ദര്‍ശന

2017ൽ ബീഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ബി.എസ്.എസ്.സി) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. 2017 ഫെബ്രുവരിയിൽ ബി.എസ്.എസ്.സിയുടെ അന്നത്തെ ചെയർമാനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സുധീർ കുമാറിനെയും ചോദ്യപേപ്പർ അച്ചടിച്ച പ്രിൻ്റിംഗ് സ്ഥാപനമായ കോൺഫിസെക് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ വിനീത് ആര്യയെയും ബീഹാർ പൊലീസിന്റെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു . എന്നാൽ വൈകാതെ അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

മൂന്ന് വർഷത്തിന് ശേഷം, വിനീത് താൻ മാനസിക രോഗിയാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടാൻ കോടതിയിൽ അപേക്ഷ നൽകി. തനിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്നും വിനീത് കോടതിയെ അറിയിച്ചു. ഇയാൾ ഇപ്പോഴും ജാമ്യത്തിലാണ്.

വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടും കേന്ദ്ര സർക്കാർ ഇത്തരം കമ്പനികൾക്ക് പരീക്ഷ നടത്തിപ്പിനുള്ള ചുമതല നൽകുന്നത് ആശങ്കയുളവാക്കുന്നതാണ്.

Content Highlight: Paper Leaks: BJP Governments Continue to Give Blacklisted Gujarat Company Contracts

We use cookies to give you the best possible experience. Learn more