ഫുട്‌ബോള്‍ ലോകത്ത് എല്ലായിപ്പോഴും ചര്‍ച്ചയാകുന്ന ചോദ്യമാണ് ആരാണ് ഏറ്റവും മികച്ച കളിക്കാരന്‍ എന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് എ.സി. മിലാന്‍ ഇതിഹാസം പൗലോ മാല്‍ദീനി. കരിയറില്‍ മൂന്ന് ജനറേഷനിലുള്ള കളിക്കാര്‍ക്കൊപ്പം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് മാല്‍ദീനി. ടുട്ടോ യുവക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഡീഗോ മറഡോണയും റൊണാള്‍ഡോ നസാരിയോയുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ എന്നാണ് മാല്‍ദീനി അഭിപ്രായപ്പെട്ടത്. കരിയറിന്റെ തുടക്കത്തിലാണ് മാല്‍ദീനി മറഡോണക്കൊപ്പം കളിച്ചത്. റൊണാള്‍ഡോ നസാരിയക്കൊപ്പവും കളിച്ച മാല്‍ദീനി കരിയറിന്റെ അവസാന ഘട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പവും കളം പങ്കുവെച്ചു.
‘ലോകത്തിലെ ഏറ്റവും ശക്തരായ താരം മറഡോണയും റൊണാള്‍ഡോയുമാണ്. ക്രിസ്റ്റ്യാനോ മികച്ച സ്‌ട്രൈക്കര്‍ ആണ്. എന്നാലും മറ്റ് രണ്ട് ഇതിഹാസങ്ങള്‍ കാഴ്ചവെച്ചയത്ര മായാജാലം ക്രിസ്റ്റ്യാനോക്ക് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ലയണല്‍ മെസിക്കൊപ്പം ഞാന്‍ കളിച്ചിട്ടില്ല.
വേഗതയും കരുത്തുമുള്ള താരമായിരുന്നു ഞാനും. എന്നാല്‍ ഡീഗോയെ പോലെയോ റൊണാള്‍ഡോയെ പോലെയോ ആകാന്‍ എനിക്ക് സാധിച്ചിട്ടില്ല,’ മാല്‍ദീനി പറഞ്ഞു.
അതേസമയം, ഫുട്ബോളില്‍ തങ്ങളെ ഒരുപോലെ ഭയപ്പെടുത്തിയിരുന്ന താരം മാല്‍ദീനിയാണെന്ന് ബ്രസീല്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ഇറ്റാലിയന്‍ പ്രതിരോധ താരം കളത്തില്‍ തങ്ങളുടെ പേടി സ്വപ്നമായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്. സീരി എ ക്ലബ്ബില്‍ കളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു ബ്രസീലിയന്‍ താരങ്ങള്‍.
മാല്‍ദീനി ഒത്തിരി കഴിവുള്ളയാളായിരുന്നുവെന്നും അദ്ദേഹം അപകടകാരിയായ കളിക്കാരനായിരുന്നുവെന്നും റൊണാള്‍ഡീഞ്ഞോ ‘ഫോര്‍ ഫോര്‍ റ്റു’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കരിയറില്‍ തന്നെ കുഴപ്പിച്ചിരുന്ന താരത്തിന്റെ പേര് ചോദിച്ചാല്‍ മാല്‍ദീനിയുടെ പേര് പറയുമെന്നും അദ്ദേഹം വളരെ ശക്തനായ എതിരാളിയായിരുന്നെന്നും റൊണാള്‍ഡോ പറഞ്ഞു.
കരിയറില്‍ എ.സി മിലാനില്‍ മാത്രമാണ് മാല്‍ദീനി കളിച്ചിരുന്നത്. ക്ലബ്ബിന് വേണ്ടി 901 മത്സരങ്ങളിലാണ് താരം കളിച്ചത്. ഇറ്റാലിയന്‍ ദേശീയ ടീമിന് വേണ്ടി 126 തവണയും മാല്‍ദീനി കളിച്ചിട്ടുണ്ട്. 2009ലാണ് താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Content Highlights: Paolo Maldini names out the strongest players in Football