ഏതൊരു ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌ന ഇലവനില്‍ ഉറപ്പായും ഇടം നേടുന്ന താരമാണ് ഇറ്റാലിയന്‍ ഇതിഹാസ താരം പൗലോ മാല്‍ഡീനി. പ്രതിരോധ നിരയില്‍ മാല്‍ഡീനി പടുത്തുയര്‍ത്തിയ കോട്ട താണ്ടി പന്തുമായി ഗോള്‍മുഖം വിറപ്പിക്കുക എന്നത് എതിരാളികള്‍ക്ക് ഒരിക്കലും ക്ഷിപ്രസാധ്യമായിരുന്നില്ല.
ഒരു കാലത്ത് ഈ ലോകത്തിലെ ഏറ്റവും എളുപ്പമേറിയ ജോലി ഇറ്റാലിയന്‍ ഗോള്‍ കീപ്പറുടേതാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നതും മാല്‍ഡീനിയെന്ന ഉരുക്കുകോട്ട പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടുതന്നെയായിരുന്നു.
എന്നാല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയാണ് മാല്‍ഡീനി. ഇറ്റലിക്കും ഇറ്റാലിയന്‍ ക്ലബ്ബ് എ.സി. മിലാനുമൊപ്പം എണ്ണമറ്റ വിജയങ്ങളിലും കിരീടനേട്ടങ്ങളിലും പങ്കാളിയായ ഇതിഹാസ ഡിഫന്‍ഡറാണ് ഇതിഹാസ താരമാണ് സ്വയം തോല്‍വിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
കരിയറില്‍ അഞ്ച് യൂറോപ്യന്‍ കപ്പുകളടക്കം 26 ട്രോഫികളാണ് മാല്‍ദീനി സ്വന്തമാക്കിയത്.
2020ല്‍ താരം നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ തനിക്ക് നഷ്ടമായ അവസരങ്ങള്‍ ചൂണ്ടിക്കാട്ടി താനൊരു തോല്‍വിയാണ് എന്ന് മാല്‍ഡീനി പറഞ്ഞത്.
‘ഞാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്. അതിന്റെ കാരണവും ഞാന്‍ പറയാം. ധാരാളം പുരസ്‌കാരങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട്. അഞ്ച് യൂറോപ്യന്‍ കപ്പുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു.
എന്നാല്‍ എനിക്ക് മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍, ഒരു യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, മൂന്ന് ഇന്റര്‍നാഷണല്‍ കപ്പ് ഫൈനല്‍, ഒരു വേള്‍ഡ് കപ്പ് ഫൈനല്‍, ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഒരു വേള്‍ഡ് കപ്പ് സെമി ഫൈനല്‍ എന്നിവ നഷ്ടമായിട്ടുണ്ട്,’ മാല്‍ഡീനി പറഞ്ഞു.
1994 ഫിഫ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്ക് ബ്രസീലിനോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കേണ്ടി വന്നതും മാല്‍ഡീനി ചൂണ്ടിക്കാട്ടി. ഇറ്റലി 2006ല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ താന്‍ ടീമിന്റെ ഭാഗമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘നിരവധി നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഭാഗമായിട്ടുള്ള മത്സരങ്ങളില്‍ ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നിട്ടുമുണ്ട്. അതെല്ലാം ഞാന്‍ ഉള്‍ക്കൊള്ളുന്നു.
ദേശീയ തലത്തില്‍ മികച്ച ടീമായിരുന്നു ഞങ്ങള്‍. പക്ഷെ ബ്രസീലിനോട് ഫൈനലില്‍ പെനാല്‍ട്ടിയില്‍ തോല്‍ക്കേണ്ടി വന്നു. 2006ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഞാന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നുമില്ല,’ മാല്‍ഡീനി പറഞ്ഞു.
കരിയറില്‍ ദേശീയ ടീമിനായി ഒരു ലോകകപ്പ് നേടാനായില്ലെങ്കിലും, എ.സി മിലാനൊപ്പം അഞ്ച് യൂറോപ്യന്‍ കപ്പുകള്‍ നേടാന്‍ മാല്‍ഡീനിക്ക് സാധിച്ചു.
Content Highlight: Paolo Maldini makes strange statement about his glorious career