അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് പെറുവ്യന്‍ സ്ട്രൈക്കര്‍ പൗലോ ഗ്വറേറോ. അര്‍ജന്റീനയിലെ റെയ്സിങ് ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റായ ഗരീറോ തനിക്ക് മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നുണ്ടെന്നും പറഞ്ഞു. ഇന്‍ഫോബേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘എനിക്ക് മെസിക്കൊപ്പം കളിക്കാന്‍ ഇഷ്ടമാണ്. അദ്ദേഹം എല്ലാം എളുപ്പമാക്കും. കളിക്കാരെ സഹായിക്കുകയും ഗോള്‍ പാസ് നല്‍കുകയുമെല്ലാം ചെയ്യും. മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം,’ ഗരീറോ പറഞ്ഞു.
ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
അതേസമയം, ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ രണ്ടാം മത്സരത്തില്‍ അറ്റ്ലാന്റ യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ് മെസിപ്പട വിജയിച്ചിരുന്നു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ വിജയം.
മെസിയുടെ ഇരട്ട ഗോളിലാണ് മയാമി ലീഗ്സ് കപ്പിലെ തങ്ങളുടെ രണ്ടാം വിജയവും കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനത്തെത്താനും മയാമിക്ക് സാധിച്ചു.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടിയിരുന്നു. അറ്റ്ലാന്റയുടെ ഗോള്‍മുഖത്തെ വിറപ്പിച്ച ഷോട്ടുമായി മെസിയാണ് മയാമിയെ മുമ്പിലെത്തിച്ചത്. ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരത്തിലും ഗോള്‍ നേടിയ മെസി ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ച്ചയായ 15 പരാജയങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍ മയാമി രണ്ട് മത്സരങ്ങളില്‍ വിജയിക്കുന്നത്.