| Saturday, 19th August 2023, 5:38 pm

മെസി ഗോളടിക്കാന്‍ സഹായിക്കും; അദ്ദേഹത്തോടൊപ്പം കളിക്കണം: പെറു താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് പെറുവ്യന്‍ സ്‌ട്രൈക്കര്‍ പൗലോ ഗരീറോ. അര്‍ജന്റീനയിലെ റെയ്‌സിങ് ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റായ ഗരീറോ തനിക്ക് മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നുണ്ടെന്നും പറഞ്ഞു. ഇന്‍ഫോബേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എനിക്ക് മെസിക്കൊപ്പം കളിക്കാന്‍ ഇഷ്ടമാണ്. അദ്ദേഹം എല്ലാം എളുപ്പമാക്കും. കളിക്കാരെ സഹായിക്കുകയും ഗോള്‍ പാസ് നല്‍കുകയുമെല്ലാം ചെയ്യും. മെസിക്കൊപ്പം എം.എല്‍.എസ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം,’ ഗരീറോ പറഞ്ഞു.

അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

ലീഗ്‌സ് കപ്പിന്റെ ടോപ്പ് സ്‌കോറര്‍ നിലവില്‍ ലയണല്‍ മെസിയാണ്. ഒമ്പത് ഗോളുകളുമായി മെസി ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ ലീഗില്‍ ലയണല്‍ മെസിയുടെ ആദ്യ ടൂര്‍ണമെന്റാണ് ലീഗ്‌സ് കപ്പ്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് ജേതാക്കളാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Paolo Guerrero wants to play with Lionel Messi

We use cookies to give you the best possible experience. Learn more