| Monday, 10th July 2023, 10:21 pm

പി.എസ്.ജി എംബാപ്പയെ ലാളിച്ച് വഷളാക്കി, ഇപ്പോള്‍ അനുഭവിക്കുന്നു; ഇറ്റാലിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെയും പി.എസ്.ജിയെയും വിമര്‍ശിച്ച് മുന്‍ ഇറ്റാലിയന്‍ പ്രൊഫഷണല്‍ ഫുട്‌ബോളറും പരിശീലകനുമായ പൗലോ ഡി കാനിയോ. പി.എസ്.ജി എംബാപ്പയെ ലാളിച്ച് വഷളാക്കിയെന്നും ക്ലബ്ബ് തന്നെയാണ് തങ്ങള്‍ക്ക് ഈ അവസ്ഥ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘പി.എസ്.ജി തന്നെയാണ് അവരെ ഈ നിലയിലാക്കിയത്. എംബാപ്പയെ ലാളിച്ച് ആഗോള ബ്രാന്‍ഡ് ആക്കി മാറ്റി. കഴിഞ്ഞ സീസണില്‍ തന്നെ ക്ലബ്ബിന് അബദ്ധം പറ്റി. ഇപ്പോള്‍ ദാ എംബാപ്പെ തന്റെ കളി തുടരുന്നു,’ കാനിയോ പറഞ്ഞു.

അതേസമയം, എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് 2024ഓടെ പടിയിറങ്ങുമെന്ന് അറിയിക്കുകയായിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്‌മെന്റിന് കത്തെഴുതി അറിയിച്ചു.

എന്നാല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്ലെറ്റായ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്.

ആഴ്സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content highlight: Paolo di Canio about Mbappe

Latest Stories

We use cookies to give you the best possible experience. Learn more