| Wednesday, 10th April 2024, 7:50 pm

പാനൂര്‍ സ്‌ഫോടനം; പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ യു.ഡി.എഫ് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നല്‍കി. യു.ഡി.എഫ് വടകര പാര്‍ലമെന്റ് കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ ഡി.ജി.പി, കോഴിക്കോട്- കണ്ണൂര്‍ ജില്ല കളക്ടര്‍മാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും യു.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ഇതേ ആവശ്യം ഉന്നയിച്ച് പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്.

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ് എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചത്, എവിടെ പ്രയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളിള്‍ കൃത്യമായ കണ്ടെത്തലുകള്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്നത്.

12 പേരെ അറസ്റ്റ് ചെയ്തതിന് അപ്പുറത്തേക്ക് അന്വേഷണം നടക്കുന്നില്ല എന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം. ആര്‍ക്ക് വേണ്ടിയാണ്, തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് എന്തിന് വേണ്ടിയാണ് ബോംബ് നിര്‍മിച്ചത് എന്നീ കാര്യങ്ങള്‍ വ്യക്തമാകണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പരാജയ ഭീതി മുന്നില്‍ കണ്ടുകൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബോംബ് നിര്‍മിച്ചത് എന്നും യു.ഡി.എഫ് ആരോപിക്കുന്നു.

ഏപ്രില്‍ നാലിനാണ് പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. നിര്‍മാണം നടക്കുന്ന വീടിനകത്ത് വെച്ച് നിര്‍മിച്ച ബോബുകളാണ് പൊട്ടിത്തെറിച്ചത്. കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകരടക്കം 12 പേരാണ് ഇതുവരെ അറസ്റ്റിലായത്. വടകരയിലും കേരളത്തിലാകയും യു.ഡി.എഫിന്റെ പ്രഥാനപ്പെട്ട പ്രചരണായുധവും പാനൂരിലെ ബോംബ് സ്‌ഫോടനമാണ്. ഈ ഘട്ടത്തിലാണ് സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്നത്.

content highlights: Panur blast; UDF has filed a complaint with the Election Commission demanding a special investigation team

We use cookies to give you the best possible experience. Learn more