മുസ്‌ലിം സഹോദരങ്ങളെ അപമാനിച്ച ബി.ജെ.പി നേതൃത്വം രാജ്യത്തിന് അപമാനം: പന്തളം സുധാകരന്‍
D' Election 2019
മുസ്‌ലിം സഹോദരങ്ങളെ അപമാനിച്ച ബി.ജെ.പി നേതൃത്വം രാജ്യത്തിന് അപമാനം: പന്തളം സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 11:37 pm

കോഴിക്കോട്: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മുസ്‌ലിം സഹോദരങ്ങളെ അപമാനിച്ച ബി.ജെ.പി നേതൃത്വം രാജ്യത്തിന് അപമാനമെന്നും സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.

540 മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട് എന്നറിയാത്ത ദേശീയ അധ്യക്ഷന്‍ അമിത്ഷാ, മുസ്‌ലിം സമുദായത്തെ അപമാനിച്ച ബി.ജെ.പി നേതൃത്വം, മന്ത്രിമാര്‍, യോഗി ആദിത്യനാഥ് എന്നിവര്‍ രാജ്യത്തിന് അപമാനമാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇത്രയും മതസൗഹാര്‍ദ്ദം പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു സംസ്ഥാനം ഈ രാജ്യത്തുണ്ടെങ്കില്‍ അത് കേരളമായിരിക്കും. പക്ഷേ അത് മലീമസമാക്കാന്‍ നോര്‍ത്ത് ഇന്ത്യക്കാരനും സൗത്ത് ഇന്ത്യക്കാരനുമെന്നും മുസ്ലീംങ്ങളെന്നും വേര്‍തിരിച്ച്, ഇന്ത്യന്‍ ദേശീയതയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത് രക്തസാക്ഷിത്വം വരിച്ച മുസ്ലീം സഹോദരങ്ങളെ അപമാനിക്കുകയാണ് ബിജെപി നേതൃത്വമെന്നും സുധാകരന്‍ പറഞ്ഞു.

അയ്യപ്പന്റെ വാക്ക് പറയാന്‍ കഴിയാത്ത ഒരു സംസ്ഥാനമാണ് കേരളമെന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്നും തുടങ്ങി വിവിധ പ്രചാരണ പരിപാടികളിലായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് സുധാകരന്റെ പ്രതികരണം.

1996 മുതല്‍ 2019 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പത്രികകളിലും രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പറയുന്നുണ്ട്. എന്നാല്‍ ഇന്നുവരെ ക്ഷേത്രം പണിഞ്ഞിട്ടുണ്ടോ? അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായേ മോദിയുടെ വാക്കുകളെ കുറിച്ച് കരുതാനാകുവെന്നും പന്തളം സുധാകരന്‍ വ്യക്തമാക്കി