| Wednesday, 28th October 2020, 12:41 pm

സംഘടനയ്ക്കുള്ളിലെ തര്‍ക്കം; പന്തളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പട്ടട തീര്‍ത്ത് കൊടിനാട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: പന്തളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പട്ടട തീര്‍ത്ത് കൊടിനാട്ടി. സംഘടനയ്ക്കുള്ളിലെ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

പന്തളം മുളമ്പുഴ ശിവ ഭവനില്‍ എം.സി സദാശിവന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. ചാണകം മെഴുകിയതിന് സമീപത്തായി ഉരുളി കമഴ്ത്തി ഉരുളിക്ക് മുകളിലായി ആറ് ഉരുളയും ഉരുട്ടിവെച്ചിരുന്നു.സമീപത്തായി പച്ചക്കായും ഉണ്ടായിരുന്നു.

ഇതിനോട് ചേര്‍ന്ന് ആര്‍.എസ്.എസിന്റെ കൊടിമരവും നാട്ടിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ച നാലിന് പുറത്തിറങ്ങിയ വീട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. സമീപത്തെ വീട്ടില്‍നിന്നാണ് ഉരുളി മോഷ്ടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനും ബി.എം.എസ് മുന്‍ പന്തളം മേഖല പ്രസിഡന്റുമാണ് സദാശിവന്‍. എന്നാല്‍, സംഭവത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്നും സാമൂഹികവിരുദ്ധരാണ് ഇതിന് പിന്നിലെന്നുമാണ് ബി.ജെ.പി മുനിസിപ്പല്‍ സെക്രട്ടറി ടി. രൂപേഷ് പ്രതികരിച്ചതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍.എസ്.എസിന്റെ പരാതിയില്‍ പന്തളം പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി പന്തളത്ത് ആര്‍.എസ് എസ്-ബി.ജെ.പി പ്രവര്‍ത്തകരില്‍ വിഭാഗീയത രൂക്ഷമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂപപ്പെട്ടത്.

ബി.ജെ.പി മുന്‍ ജില്ല കമ്മിറ്റി അംഗവും നിലവില്‍ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റുമായ എസ്. കൃഷ്ണകുമാര്‍ അയ്യപ്പധര്‍മ സംരക്ഷണ സമിതി എന്ന സംഘടന രൂപവത്കരിച്ച് സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ എസ്. കൃഷ്‌കുമാര്‍ പന്തളത്ത് വനിതകളെ സംഘടിപ്പിച്ച് പ്രക്ഷോഭവും ആരംഭിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ ആര്‍.എസ്.എസ് പന്തളം കൊട്ടാര ഭാരവാഹികളെ ഉള്‍പ്പെടെത്തി ശബരിമല കര്‍മസമിതിക്ക് രൂപം നല്‍കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയായിരുന്നു.

കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ 30 ഓളം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ പരസ്യനിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ സമരത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ കൃഷ്ണകുമാര്‍ അടക്കം ചില പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് 23 ദിവസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ പിന്നീട് ‘നമ്മുടെ നാട് ‘ എന്ന ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചു.

ഇതിന്റെ വൈസ് പ്രസിഡന്റിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി അതിക്രമം നടന്നത്. അതിനിടെ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സി.പി.ഐ.എമ്മിലേക്ക് പോകുന്നുവെന്ന് സൂചനയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Panthalam RSS-BJP Fighting Flag Hoisted at House of RSS Worker

We use cookies to give you the best possible experience. Learn more