| Sunday, 7th October 2018, 9:19 am

സുധാകരനെ മുഖ്യമന്ത്രി ചങ്ങലക്കിടണം; പന്തളം കൊട്ടാരത്തില്‍ നിന്ന് ഉപ്പും ചോറും തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുത്; ക്ഷത്രിയ ക്ഷേമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: പന്തളം കൊട്ടാരത്തേയും തിരുവിതാംകൂര്‍ രാജകുടുംബത്തേയും നിര്‍വാഹക സംഘം ഭാരവാഹികളേയും വിമര്‍ശിച്ച മന്ത്രി സുധാകരനെ മുഖ്യമന്ത്രി ചങ്ങലക്കിടണമെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലത്ത് പാര്‍ട്ടി ഷെല്‍ട്ടറും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്നും നേതൃയോഗം വ്യക്തമാക്കി.

1950 കാലഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിന് കൊട്ടാരത്തില്‍ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാള്‍ പി.രാമവര്‍മ രാജായ്ക്കു അന്നു ലഘുലേഖ വിതരണത്തിന്റെ പേരില്‍ അധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു.

പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്.എഫ്.ഐക്കാരനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മുന്‍ രാജകുടുംബം എന്നു വേണമെങ്കില്‍ പറയാമെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും മന്ത്രി ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more