പമ്പ: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കാന്‍ തന്ത്രിയോട് പന്തളം മുന്‍ കൊട്ടാര പ്രതിനിധികള്‍ നിര്‍ദേശിച്ചു. ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം പൊലീസിനോട് അറിയിച്ചു.തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും മനിതി സംഘം അറിയിച്ചു.
ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്.
പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി ശെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനിതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ശെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം, യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പമ്പയില്‍ പ്രതിഷേധം തുടരുകയാണ്.
തമിഴ്നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.