| Wednesday, 7th November 2018, 1:27 pm

'വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് നിര്‍ഭാഗ്യകരം'; ശബരിമലയിലെ സംഘപരിവാര്‍ അക്രമത്തിനെതിരെ പന്തളം കൊട്ടാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ശബരിമലയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്തളം കൊട്ടാരം.

വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് നിര്‍ഭാഗ്യകരമാണെന്നും ഈ നടപടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ പറഞ്ഞു.

ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയണം.
സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്‌ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമത്തിന് തുനിഞ്ഞത്.


വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.

പേരക്കുട്ടിയുടെ ചോറൂണിനെത്തിയ ലളിതാ രവി (52)യെ സന്നിധാനത്തു തടഞ്ഞത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. പ്രതിഷേധത്തിനിടെ ഉന്തം തള്ളും അടിയും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായിയിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പ്രതിഷേധക്കാരുടെ ഇടയില്‍നിന്നു രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

മകന്‍ വിനീഷിന്റെ മകള്‍ വിനീതയുടെ ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണ് മലകയറിയത്. കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍, ലളിതയ്ക്കു പ്രായം കുറവാണെന്ന് ചിലര്‍ക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകള്‍ ചാടിക്കടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ അനുകൂലികള്‍ നടപ്പന്തലില്‍ എത്തി. വെപ്രാളത്തിനിടെ പ്രായം തെളിയിക്കാന്‍ ലളിത ബാഗില്‍ നിന്നെടുത്തു പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകള്‍ നീതുവിന്റെ ആധാര്‍ കാര്‍ഡായിരുന്നു. പിന്നീടാണ് സ്വന്തം കാര്‍ഡ് കാണിച്ചത്. ഇതിനിടെ ലളിതയ്‌ക്കൊപ്പം എത്തിയ മൃദുലിനു (23) മര്‍ദനമേറ്റിരുന്നു.

സംഘര്‍ഷം കനത്തതോടെ പൊലീസ് ലളിതയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അവിടെ രേഖകള്‍ പരിശോധിച്ചു. 52 വയസ്സുണ്ടെന്നു പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ വി.ശരത് പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ഇവരെ പതിനെട്ടാം പടി കയറുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more