ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി സംഘപരിവാര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം മുന്‍ രാജകുടുംബം. സമരത്തെ പിന്തുണയ്ക്കാനോ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ കൊട്ടാരത്തിനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കുടുംബാംഗവും ട്രസ്റ്റ് പ്രസിഡന്റുമായ ശശികുമാര വര്‍മ്മയാണ് മുന്‍ രാജകുടുംബത്തിനുവേണ്ടി നിലപാട് വ്യക്തമാക്കിയത്.
Also Read:“ഇത് ചുടേണ്ട കാലം കഴിഞ്ഞു” ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ നേതാവ്- വീഡിയോ
വനിതാ പൊലീസിനെ പ്രത്യേകം നിയമിക്കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പക്വതയോടെയുള്ള സമീപനമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.
എല്ലാവര്‍ക്കും രാഷ്ട്രീയവും കാര്യങ്ങളുമുണ്ട്, അതിന്റെ കൂട്ടത്തില്‍ പോവുകയും ചെയ്യും. എന്നാല്‍ ഇതു പോലെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ ഒരു കൊടിയുടെ കീഴിലും അണിനിരക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം ഹരജി നല്‍കിയിട്ടുണ്ട്. കെ.പി.എം.എസും എസ്.എന്‍.ഡി.പി യോഗവും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 15ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ലോങ് മാര്‍ച്ചിന് വലിയ തിരിച്ചടിയാണ് പന്തളം മുന്‍ രാജകുടുംബത്തിന്റെ നിലപാട്. ഇവരെയും തന്ത്രികുടുംബത്തെയും അണിനിരത്താനാകുമെന്ന ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി ലോങ്മാര്‍ച്ച് ആരംഭിച്ചത്.