ന്യൂദല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ ഈ മാസം 24 ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്നായിരുന്നു എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇത് തെറ്റാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക മാത്രമാണ് സെപ്റ്റംബര്‍ 24 ന് ചെയ്യുകയെന്നും താഹ ഫസലിന് വേണ്ടി ഹാജരായ അഡ്വ. ജയന്ത് മുത്തുരാജ് കോടതിയെ അറിയിച്ചു.
താഹ ഫസലിന്റെ ജാമ്യാപേക്ഷയും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍.ഐ.എ ഹരജിയിലുമായിരുന്നു കോടതി വാദം കേട്ടത്. തുടക്കത്തില്‍ എന്‍.ഐ.എ വാദം മുന്‍ നിര്‍ത്തി ജാമ്യത്തിനായുള്ള താഹയുടെ ഹരജിയും അലനെതിരായ എന്‍.ഐ.എ ഹരജിയും തീര്‍പ്പാക്കാമെന്ന് കോടതി അറിയിച്ചിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജയന്ത് മുത്തുരാജ് എതിര്‍ വാദം ഉന്നയിച്ചതോടെ കേസ് ബുധനാഴ്ച ആദ്യ കേസായി പരിഗണിക്കാമെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
ബുധനാഴ്ച കേസ് വാദത്തിന് എടുക്കുമ്പോള്‍ വിചാരണക്കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുമോയെന്നതില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേസില്‍ ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബില്‍ നിന്ന് താഹ ഫസലിനെ ഹൈക്കോടതി വേര്‍തിരിച്ച് കണ്ടതെന്താണെന്ന് സുപ്രീം കോടതി ചോദിച്ചു.
ജാമ്യം കിട്ടിയ അലനെയും കിട്ടാത്ത താഹയെയും കോടതി ഒരുപോലെ കണ്ടത് എവിടെയൊക്കെയാണെന്നും താഹയുടെ അഭിഭാഷകനോടും സുപ്രീംകോടതി ചോദിച്ചു.
അലന്‍ ശുഹൈബിനെതിരെ പൊലീസ് അവകാശപ്പെട്ട സാക്ഷിമൊഴികളോ തെളിവുകളോ പോലും താഹ ഫസലിനെതിരെ ഹാജരാക്കാതിരുന്നിട്ടും താഹയുടെ ജാമ്യമാണ് ഹൈകോടതി റദ്ദാക്കിയതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ജനുവരിയില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.