| Thursday, 11th November 2021, 7:46 am

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജാഗ്രതക്കുറവ് ഉണ്ടായി; സി.പി.ഐ.എം ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ വിമര്‍ശനമുയര്‍ന്നത്.

പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്ന് പറഞ്ഞ പ്രതിനിധികള്‍ യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും ചോദിച്ചു.

സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു.

അലനും താഹയും സി.പി.ഐ. എം പ്രവര്‍ത്തകരാണ്, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേള്‍ക്കാനുള്ള അവസരം സി.പി.ഐ.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.ഐ.എം നിലപാടെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.

2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി താഹ ഫസലിന് ഒക്ടോബര്‍ അവസാനം ജാമ്യം ലഭിച്ചിരുന്നു. സര്‍ക്കാരിനുള്ള തിരിച്ചടിയാണു സുപ്രീം കോടതി ഇടപെടലെന്നും സി.പി.ഐ.എമ്മിന്റെ ഒരു സഹായവും തനിക്കു ലഭിച്ചില്ലെന്നും താഹ പറഞ്ഞിരുന്നു.

ഒന്നാം പ്രതി അലന്‍ ഷുഹൈബിന് എന്‍.ഐ.എ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Panteerankavu UAPA case: CPIM area conference criticizing the government

We use cookies to give you the best possible experience. Learn more